തൃശൂര്‍: കുരിയച്ചിറയിലെ രൂക്ഷമായ ഈച്ചശല്യത്തിനെതിരെ മനുഷ്യച്ചങ്ങലയും പൊതുയോഗവും നാളെ വൈകീട്ട് അഞ്ചിന് നടക്കും. ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ക്ലീന്‍ കുരിയച്ചിറയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കുരിയച്ചിറയില്‍ അശാസ്ത്രീയമായി സ്ഥാപിച്ച ഓര്‍ഗാനിക് മാലിന്യ സംസ്കരണ പ്ലാന്റ്(ഒഡബ്ല്യുസി) ആണ് പ്രശ്നത്തിന് കാരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്ലാന്റിന്റെ പരിസരത്തെ രൂക്ഷമായ ഈച്ച ശല്യവും പരിസ്ഥിതി മലിനീകരണവും കാരണം ജനങ്ങള്‍ പൊറുതി മുട്ടുകയാണ്.
പ്രദേശത്തെ കുടിവെളള സ്രോതസ്സ് പോലും മലിനമായിരിക്കുകയാണ്. ഇതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായെങ്കിലും കോര്‍പറേഷനും മേയറും കണ്ടില്ലെന്ന് നടിക്കുകയാണ്. കോളറ, ടൈഫോയ്ഡ്,ഡെങ്കിപ്പനി പോലുളള വലിയ സാംക്രമിക രോഗങ്ങളുടെ പിടിയിലാണ് പരിസരവാസികള്‍. പ്രദേശത്തെ വീടുകളില്‍ പാകം ചെയ്യാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയാണ്.
അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിന് വേണ്ടിയാണ് മനുഷ്യച്ചങ്ങല. കുരിയച്ചിറ സെന്ററില്‍ നടക്കുന്ന മനുഷ്യച്ചങ്ങലയില്‍ പ്രദേശത്തെ മുഴുവന്‍ ജനങ്ങളും അണിചേരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. കൗണ്‍സില്‍ ചെയര്മാന് ഡേവിസ് കൊച്ചുവീട്ടില്‍, കണ്‍വീനര്‍ ഡോ. ടോമി ഫ്രാന്‍സിസ്, മോണിറ്ററി കമ്മിറ്റിയംഗം ജോസ് മണി.വി.എ, സമരസിതിയംഗം ജോളി ജോണ്‍, തോമസ്.വി.ആന്റണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: