Categories: KeralaBusiness

പച്ചക്കറി വില പൊള്ളുന്നു; വിപണിയില്‍ തിരക്കും കുറവ്, കരിഞ്ഞുണങ്ങി കാര്‍ഷിക മേഖല, മറുനാടന്‍ ഇനങ്ങളുടെ വരവ് വര്‍ധിച്ചു

Published by

തൃശൂര്‍: വേനല്‍ച്ചൂടില്‍ നാടന്‍ ഉല്‍പന്നങ്ങളുടെ വരവ് നിലച്ചതോടെ വിപണിയില്‍ പച്ചക്കറി വില പൊള്ളുന്ന അവസ്ഥയില്‍. ബീന്‍സ്, ഇഞ്ചി,വെളുത്തുള്ളി തുടങ്ങിയവയുടെ വില റെക്കോഡിട്ടു. വെയിലിന്റെ കാഠിന്യം വര്‍ധിച്ചതോടെ വിപണിയില്‍ കാര്യമായ തിരക്കില്ലാത്ത അവസ്ഥയാണ്. രാവിലെ 11നു ശേഷം പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. പലയിടങ്ങളിലും വിലയുടെ കാര്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ട്.

ബീന്‍സ് വില 170 രൂപ മുതല്‍ 185 രൂപ വരെയാണ്. ഇഞ്ചി, വെളുത്തുള്ളി വില മാസങ്ങളായി മൂന്നക്കത്തിലാണ്. ഇഞ്ചി കിലോഗ്രാമിനു 175 മുതല്‍ 200 രൂപ വരെ. വെളുത്തുള്ളി 200 രൂപ. തക്കാളി, സവാള, വെള്ളരിക്ക തുടങ്ങിയവയ്‌ക്കു കാര്യമായ വില വര്‍ധന ഇല്ല. 25 മുതല്‍ 30 രൂപ വരെ. നാടന്‍ മാങ്ങ ഉല്‍പാദനം കുറഞ്ഞതിനാല്‍ മാങ്ങ വില ഇപ്പോഴും കിലോഗ്രാമിനു 55 രൂപ മുതല്‍ 70 രൂപ വരെയാണ്. തക്കാളി, കാബേജ്, പടവലങ്ങ, കടച്ചക്ക, പച്ചമുളക്, പാവയ്‌ക്ക തുടങ്ങിയവയുടെ വിലയും ഉയര്‍ന്നു. കടച്ചക്ക കിലോഗ്രാമിനു 100 രൂപയാണ് വില.

പാവല്‍, അച്ചിങ്ങപ്പയര്‍, പടവലം തുടങ്ങി പന്തലില്‍ പടരുന്ന എല്ലാ പച്ചക്കറികളെയും വേനല്‍ ബാധിച്ചു. കായ ആകുന്നതിന് മുന്‍പ് പൂവ് കരിയുകയാണ്. ഉല്‍പാദനം നാലില്‍ ഒന്നായി കുറഞ്ഞെന്നു കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ സീസണില്‍ ഒരേക്കര്‍ പയര്‍ തോട്ടത്തില്‍ നിന്നു ഒന്നിടവിട്ട ദിവസം 120 കിലോഗ്രാം വരെ വിളവ് ലഭിച്ചിരുന്നു. ഇപ്പോള്‍ 2530 കിലോഗ്രാം മാത്രമാണ് ലഭിക്കുന്നത്. ഇതേ അവസ്ഥയാണ് മറ്റു പച്ചക്കറികള്‍ക്കും. വിപണിയില്‍ നാടന്‍ പച്ചക്കറികളുടെ വരവ് ഗണ്യമായി കുറഞ്ഞു. ഉല്‍പാദനം കുറയുകയാണെങ്കിലും ചെലവ് വര്‍ധിക്കുകയാണെന്നു കര്‍ഷകര്‍ പറയുന്നു. പമ്പ് പ്രവര്‍ത്തിപ്പിച്ചു ജലസേചനം നടത്തണം. ഡീസലിനു പണം കണ്ടെത്തണം.

തൃശൂർ ജില്ലയില്‍ പല സ്ഥലത്തും കനാല്‍ തുറന്നു വെള്ളം ഒഴുക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഏത്തവാഴക്കൃഷിയെ ചൂട് കാര്യമായി ബാധിച്ചു. ഓണവിപണി ലക്ഷ്യമാക്കി ആരംഭിച്ച കൃഷിയും നാശത്തിന്റെ പാതയിലാണ്. ഒരു വാഴയില്‍ 10 പടല കായ വരെ വിരിഞ്ഞിരുന്ന സ്ഥാനത്തു മൂന്നോ നാലോ പടലകള്‍ മാത്രം. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ കൃത്യമായി വളപ്രയോഗം പോലും നടത്താന്‍ സാധിക്കുന്നില്ല. ജലസേചനത്തിനു വെള്ളം ഉണ്ടെങ്കില്‍ മാത്രമേ വളപ്രയോഗത്തിന്റെ ഗുണം ലഭിക്കുകയുള്ളൂ. ചൂട് കൂടിയതോടെ കീടങ്ങളുടെ ആക്രമണവും വര്‍ധിച്ചു. പ്രകൃതിദുരന്ത പട്ടികയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

നാടന്‍ ഇനങ്ങളുടെ ഉല്‍പാദനം കുറഞ്ഞതോടെ മൈസൂരു, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നു പച്ചക്കറി വരവ് വര്‍ധിച്ചു. ഒരു കാലത്ത് നാട്ടില്‍ സുലഭമായിരുന്ന മൂവാണ്ടന്‍ മാമ്പഴം പോലും ഇപ്പോള്‍ അതിര്‍ത്തി കടന്നു എത്തുകയാണ്. സീസണ്‍ അനുസരിച്ചാണ് നാട്ടിലെ പച്ചക്കറികൃഷി. പക്ഷേ മൈസൂരു, കമ്പം ഉള്‍പ്പെടെ മറ്റിടങ്ങളില്‍ വര്‍ഷത്തില്‍ എല്ലാ സമയത്തും അച്ചിങ്ങപ്പയര്‍ ഉള്‍പ്പെടെ കൃഷി ചെയ്യുന്നു. വയനാട്, മൈസൂരു എന്നിവിടങ്ങളില്‍ നിന്നു വന്‍തോതില്‍ ഏത്തക്കുല ഉള്‍പ്പെടെ എത്തുന്നു. നാടന്‍ ഇനങ്ങളേക്കാള്‍ കുറഞ്ഞ വിലയ്‌ക്കു ഇവ കൃത്യമായി ലഭിക്കുന്നതിനാല്‍ ചെറുകിട വ്യാപാരികള്‍ പോലും മറുനാടന്‍ ഇനങ്ങളിലേക്കു ചുവട് മാറ്റുകയാണ്. ഇതര സംസ്ഥാനങ്ങളിലെ ഉല്‍പാദന കേന്ദ്രങ്ങള്‍, ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ വിളിച്ചു പറഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പച്ചക്കറി ലോഡ് എത്തും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by