തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ ചെന്ന് കോണ്‍ഗ്രസിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കേണ്ടിവരുന്ന ഗതികേട് ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യതയില്‍ രാജ്യം വിട്ടു. കേരളത്തിനു പുറത്ത് സിപിഎമ്മും കോണ്‍ഗ്രസും ഇന്‍ഡി സഖ്യത്തിലായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് വേണ്ടി മാത്രമല്ല, കോണ്‍ഗ്രസിനുവേണ്ടിയും പ്രചാരണം നടത്തേണ്ടിവരും.
ഇവിടെ നിരന്തരം കോണ്‍ഗ്രസിനും പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്കും എതിരെ കടന്നാക്രമണം നടത്തുന്ന പിണറായിക്ക് മറ്റു സംസ്ഥാനങ്ങളില്‍ പോയി രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും ഒപ്പം കൈകോര്‍ത്തു നില്‍ക്കാനുള്ള ജാള്യമാണ് തിടുക്കപ്പെട്ട് നാടുവിടാന്‍ പിണറായിക്ക് പ്രേരണയായത്.
ലോക്സഭാ തെരഞ്ഞെടുശേഷം കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നിര്‍ണായക ശക്തിയാവും എന്നൊക്കെ അവകാശപ്പെടുന്ന സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയാണ് ഇങ്ങനെ തിരഞ്ഞെടുപ്പ് യുദ്ധമുന്നണിയില്‍ നിന്ന് ഒളിച്ചോടിയത്. പാര്‍ട്ടി അണികളില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടുണ്ട്.
സിപിഎമ്മിന്റെ രാജ്യത്തെ ഏക മുഖ്യമന്ത്രി എന്ന നിലയ്ക്ക് സിപിഎം മത്സരിക്കുന്ന ഇടങ്ങളിലെങ്കിലും മുതിര്‍ന്ന പി ബി അംഗമായ പിണറായി പ്രചാരണത്തിന് എത്തുമെന്നായിരാന്നു ഇതര സംസ്്ഥാന നേതൃത്വങ്ങള്‍ കരുതിയിരുന്നത്. കുറഞ്ഞപക്ഷം സിപിഎം രണ്ടിടത്തു മത്സരിക്കുന്നത് തമിഴ്നാട്ടിലെങ്കിലും എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ജീവന്മരണ പോരാട്ടത്തിനിടെ എല്ലാം തൂത്തെറിഞ്ഞ് പിണറായി സകുടുംബം വിനോദയാത്രക്കു പോയത് പലരെയും ഞെട്ടിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം പ്രത്യേക വിശദീകരണമെന്നും നല്‍കുന്നുമില്ല.
മലയാളമല്ലാതെ മറ്റു ഭാഷകള്‍ അറിയില്ലാത്തതിനാല്‍ കേരളത്തിന് പുറത്ത് സാധാരണ മുഖ്യമന്ത്രി പ്രചാരണത്തിന് പോകാറില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് ഇക്കാര്യത്തില്‍ ചില പാര്‍ട്ടി നേതാക്കള്‍ നല്‍കുന്നത്.
ഗവര്‍ണറെ പോലും അറിയിക്കാതെയും മറ്റാര്‍ക്കും ചുമതല നല്‍കാതെയുമാണ് മുഖ്യമന്ത്രി ഭാര്യയ്ക്കും കൊച്ചുമകനും ഒപ്പം ദുബായിക്ക് പറന്നത്. യുഎഇയിലുള്ള മകനെയും കൂട്ടി ഇന്‍ഡോനേഷ്യയിലേക്കും സിംഗപ്പൂരിലേക്കുമാണ് വിനോദയാത്ര നടത്തുക. മരുമകന് മന്ത്രി മുഹമ്മദ് റിയാസും മകള്‍ വീണയും നേരത്തെ യുഎഇയില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: