തിരുവനന്തപുരം: 1994ല്‍ പുറത്തിറങ്ങിയ സുകൃതം എന്ന സിനിമയാണ്, സംവിധായകന്‍ ഹരികുമാറിനെ ശ്രദ്ധേയനാക്കിയത്. സുകൃതം ഹരികുമാര്‍ എന്ന വിളിപ്പേരും ആ സിനിമ സമ്മാനിച്ചു. സുകൃതത്തിലെ നായക കഥാപാത്രം രവിശങ്കറിനെ അനശ്വരമാക്കിയത് മമ്മൂട്ടിയായിരുന്നു. മാധ്യമ പ്രവര്‍ത്തകനായ രവിശങ്കര്‍ രക്താര്‍ബുദ രോഗ ബാധിതനാകുന്നതും ചികിത്സയിലൂടെ രക്ഷപ്പെടുന്നതാണ് കഥയിലെ പ്രധാന ഇതിവൃത്തം. അര്‍ബുദബാധിതനായാണ് ഹരികുമാറും അന്തരിച്ചത്.
വാണിജ്യവിജയത്തിനപ്പുറം സിനിമയെന്ന ദൃശ്യാവിഷ്‌കാരത്തിന്റെ കലാമൂല്യം ഉയര്‍ത്തിപ്പിടിച്ച സംവിധാനകനാണ് ഹരികുമാര്‍. എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, പെരുമ്പടവം ശ്രീധരന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ കഥകളും തിരക്കഥകളും സംവിധാനം ചെയ്ത് ശ്രദ്ധനേടി. തിരുവനന്തപുരം പാലോടിനു സമീപമുള്ള കാഞ്ചിനട എന്ന തന്റെ ഗ്രാമത്തിന്റെ പരിശുദ്ധി അദ്ദേഹത്തിന്റെ സിനിമകളിലും നിറഞ്ഞു നിന്നു.
വായനയിലൂടെയാണ് സിനിമയ്‌ക്ക് ഹരികുമാര്‍ അടിസ്ഥാനമിട്ടത്. എട്ടു കിലോമീറ്റര്‍ നടന്നുപോയി ലൈബ്രറിയില്‍നിന്നു പുസ്തകമെടുത്തായിരുന്നു വായന. ഭരതന്നൂര്‍ സ്‌കൂളില്‍ നിന്നും പത്താം ക്ലാസ് കഴിയുമ്പോള്‍ മിക്ക ലോക ക്ലാസിക്കുകളുടെയും വിവര്‍ത്തനങ്ങള്‍ വായിച്ചിരുന്നു ഹരികുമാര്‍. ലോകസിനിമകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഓരോ മാറ്റങ്ങളും സശ്രദ്ധം നിരീക്ഷിച്ചിരുന്നു. ഓരോ സമയത്തെയും സിനിമയുടെ സാങ്കേതിക വിദ്യയുടെയും നിര്‍മാണ രീതിയിലേയും വ്യത്യാസങ്ങള്‍ കൃത്യമായി മനസിലാക്കിയായിരുന്നു തന്റെ സിനിമകള്‍ ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: