കൊല്‍ക്കത്ത: ലൈംഗിക അതിക്രമ ആരോപണത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസിനെ പിന്തുണച്ച് സിപിഎം. ആരോപണം ഉന്നയിച്ച യുവതിയുടെ കുടുംബത്തിന് തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഉയര്‍ത്തിക്കാട്ടിയാണ് സിപിഎം ആനന്ദബോസിനെ പിന്തുണയ്ക്കുന്നത്. സന്ദേശ്ഖാലി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് മമത ബാനര്‍ജിയുടേതെന്ന് സിപിഎം ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലാ സെക്രട്ടറി നിരഞ്ജന് സിഹി ആരോപിച്ചു.
പരാതിക്കാരിക്ക് തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ബിജെപി നേരത്തെ പുറത്തു കൊണ്ടുവന്നിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തൃണമൂലിന്റെ നാടകമാണ് പരാതിയെന്ന് സിപിഎം ആരോപിക്കുന്നു.
കിഴക്കന്‍ മിഡ്നാപുര് സ്വദേശിനിയാണ് ഗവര്‍ണക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയുടെ അമ്മ 2002ല്‍ കിഴക്കന്‍ മിഡ്നാപുര് ജില്ലയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് സന്ദേശ്ഖാലി അടക്കം തൃണമൂല്‍ കോണ്‍ഗ്രസിനെ വേട്ടയാടുന്ന വിഷയങ്ങളില്‍ നിന്ന് കാര്യങ്ങള്‍ വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് മമതയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്, നിരഞ്ജന് സിഹി ആരോപിച്ചു.
ആനന്ദബോസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് രാജ്ഭവനിലെ താത്കാലിക ജീവനക്കാരി കഴിഞ്ഞ ആഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. ഏപ്രില്‍ 24 മുതല്‍ രണ്ടുതവണ ഗവര്‍ണര്‍ ലൈംഗികാതിക്രം നടത്തിയെന്നും പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: