ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ തെലങ്കാന കോണ്‍ഗ്രസ് നേതാവ് അരുണ്‍ റെഡ്ഡി ജുഡീഷ്യല്‍ കസ്റ്റഡിയില്‍. എക്സിലെ ‘സ്പിരിറ്റ് ഓഫ് കോണ്‍ഗ്രസ്’ എന്ന അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് അരുണാണ്.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വരെയാണ് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ജാതി സംവരണവുമായി ബന്ധപ്പെട്ട് അമിത്ഷാ നടത്തിയ പ്രസംഗം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, ക്രമസമാധാന പാലനം ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ബിജെപിയുടെ പരാതിയിലാണ് അറസ്റ്റ്.
മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ദല്‍ഹി പോലീസിന്റെ നിര്‍ദേശ പ്രകാരം തെലങ്കാന പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇതുവരെ കേസില്‍ തെലങ്കാനയില്‍ നിന്നുള്ള അഞ്ച് കോണ്‍ഗ്രസുകാര്‍ അറസ്റ്റിലായിട്ടുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരേയും ദല്‍ഹി പോലീസ് നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയതെങ്കിലും അഭിഭാഷകനാണ് എത്തിയത്. വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ആസാം പോലീസും അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: