ഭുവനേശ്വര്‍: ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക- സങ്കല്പ പത്ര, ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പ്രകാശനം ചെയ്തു. സങ്കല്പ പത്ര ഒരു രാഷ്ട്രീയ രേഖ മാത്രമല്ല, ഒഡീഷയുടെ ശോഭനമായ ഭാവിയിലേക്കുള്ള വഴികാട്ടിയാണെന്ന് ജെ.പി. നദ്ദ അഭിപ്രായപ്പെട്ടു.
ഒഡീഷയുടെ എല്ലാ കോണുകളിലും വികസനം എത്തിക്കാനുള്ള പാര്‍ട്ടിയുടെ മുന്‍ഗണനയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് സങ്കല്പ പത്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇരട്ട എന്ജിന് സര്‍ക്കാര്‍ ഒഡീഷയുടെ വികസനം മുന്നോട്ട് കൊണ്ടുപോകും.
ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍, മന്ത്രിസഭ അധികാരമേറ്റയുടന്‍ സങ്കല്പ പത്രയിലെ കാര്യങ്ങള്‍ നടപ്പാക്കുന്നതിനായി മന്ത്രിതല ഉപസമിതി രൂപീകരിക്കും. പ്രതിമാസം ഈ സമിതി പദ്ധതികളുടെ പുരോഗതി വിലയിരുത്തും, നദ്ദ പറഞ്ഞു.
ഒഡീഷ ബിജെപി പ്രസിഡന്റ് മന്മോഹന് സമല്‍, ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡ, മാനിഫെസ്റ്റോ കമ്മിറ്റി തലവന്‍ സമീര്‍ മൊഹന്തി, അപരാജിത സാരംഗി, സംബിത് പത്ര തുടങ്ങിയവരും സങ്കല്പ പത്ര പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
ഒഡീഷയിലെ 21 ലോക്സഭാ മണ്ഡലങ്ങളിലേക്കും 147 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒന്നിച്ചാണ് വോട്ടെടുപ്പ്. 13 മുതല്‍ ജൂണ്‍ ഒന്നുവരെ നാലു ഘട്ടങ്ങളിലായാണ് ഇവിടെ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: