ന്യൂദല്‍ഹി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്ന്. 93 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
ഇന്ന് 11 സംസ്ഥാനങ്ങളിലെ 93 മണ്ഡലങ്ങള്‍ വിധിയെഴുതും. 17.24 കോടി വോട്ടര്‍മാരുണ്ട്. 8.85 കോടി പുരുഷന്മാരും 8.39 കോടി സ്ത്രീകളുമാണുള്ളത്. 1.85 ലക്ഷം പോളിങ് സ്റ്റേഷനുകള്‍. 18.5 ലക്ഷം ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച് വൈകീട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും (മണ്ഡലങ്ങള്‍ക്കനുസരിച്ച് സമയം വ്യത്യാസപ്പെടാം).
ഗുജറാത്ത് 25, കര്‍ണാടക 14, മഹാരാഷ്ട്ര 11, ഉത്തര്‍പ്രദേശ് 10, മധ്യപ്രദേശ് ഒന്‍പത്, ഛത്തീസ്ഗഡ് ഏഴ്, ബിഹാര്‍ അഞ്ച്, ആസാം നാല്, ബംഗാള്‍ നാല്, ഗോവ രണ്ട്, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി ഒന്ന്, ദാമന്‍ ദിയു ഒന്ന് എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 7.30ന് വോട്ട് രേഖപ്പെടുത്തും. ഗാന്ധിനഗര്‍ ലോക്സഭാ മണ്ഡലത്തിലെ അഹമ്മദാബാദ് റാണിപ് അംബിക ചരസ്ത നിഷാന്‍ വിദ്യാലയത്തിലെ പോളിങ് ബൂത്തിലാണ് പ്രധാനമന്ത്രി വോട്ട് രെഖപ്പെടുത്തുക. ഗാന്ധിനഗര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാവിലെ 9.15ന് നാരന്‍പുരയിലെ സബ് സോണല്‍ ഓഫീസിലെ പോളിങ് ബൂത്തിലും വോട്ട് ചെയ്യും.
അമിത് ഷായ്ക്കു പുറമേ കേന്ദ്ര മന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ലാദ് ജോഷി, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, ദിഗ് വിജയ സിങ്, എസ്പി നേതാവ് ഡിംപിള്‍ യാദവ്, എന്‍സിപി നേതാവ് സുപ്രിയ സുലെ എന്നിവരും ഇന്ന് ജനവിധി തേടുന്ന പ്രമുഖരാണ്.
വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ആവശ്യമുള്ള പോളിങ് സ്റ്റേഷനുകളില്‍ കേന്ദ്രസേനയെയും മൈക്രോ ഒബ്സര്‍വര്‍മാരെയും വിന്യസിക്കുകയും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 4303 ഫ്ളൈയിങ് സ്ക്വാഡുകള്‍, 5534 സ്റ്റാറ്റിസ്റ്റിക്സ് സര്‍വെയ്ലന്‍സ് സംഘങ്ങള്‍, 1987 വീഡിയോ നിരീക്ഷണ സംഘങ്ങള്‍, 949 വീഡിയോ വ്യൂവിങ് സംഘങ്ങള്‍ എന്നിവരെയും പൊതുനിരീക്ഷകര്‍ക്കു പുറമെ നിയോഗിച്ചിട്ടുണ്ട്. 1041 അന്തര്‍ സംസ്ഥാന അതിര്‍ത്തികളും 275 അന്തര്‍ദേശീയ അതിര്‍ത്തി ചെക്ക് പോസ്റ്റുകളും കടല്‍, വ്യോമ റൂട്ടുകളും കര്‍ശന നിരീക്ഷണത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: