പത്തനംതിട്ട: ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടാതെ വന്നതോടെ കല്യാണി അമ്മയുടെ അന്ത്യയാത്രയ്ക്ക് സഹായമായത് കുടുംബശ്രീ പ്രവര്‍ത്തകര്‍.
ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയാറാകാതെ പതിനഞ്ചു ദിവസമാണ് മുട്ടത്തുകോണം കുഴിമുറിയില് വീട്ടില്‍ കല്യാണിയമ്മയുടെ മൃതദേഹം അനാഥമായി കിടന്നത്. തുടര്‍ന്നാണ് മുട്ടത്തുകോണത്തെ കുടുംബശ്രീ പ്രവര്‍ത്തകരായ ഷീബ സുദര്ശന്, രാജി മധു, രഞ്ജിനി ബിനു എന്നിവര്‍ കല്യാണിയമ്മയുടെ സംസ്കാര ചടങ്ങുകള്‍ക്കായി മുന്നിട്ടിറങ്ങിയത്.
തേപ്പുപാറ ജീവമാതാ കാരുണ്യഭവനിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കല്യാണിയമ്മ ഏപ്രില്‍ 21 നാണ് മരിച്ചത്. ബന്ധുക്കളുടെ ഭാഗത്തു നിന്ന് കല്യാണിയമ്മയുടെ മൃതദേഹത്തോട് പോലും ഉണ്ടായ അവഗണന മുട്ടത്തുകോണത്തെ കുടുംബശ്രീ പ്രവര്‍ത്തകരെ വേദനിപ്പിച്ചു.
കല്യാണിയമ്മയുടെ മൃതദേഹം യഥോചിതം സംസ്കരിക്കണമെന്ന് ഷീബ സുദര്‍ശനനും കൂട്ടരും ചേര്‍ന്നു തീരുമാനിക്കുകയായിരുന്നു. പ്രദേശവാസികളുടെ കൂടി സഹകരണത്തോടെ സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഏറ്റെടുക്കാന്‍ അവകാശികള്‍ ഇല്ലാത്തതിനാല്‍ ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസിന്റെ കത്തുമായി ഇവര്‍ ജീവമാതാ കാരുണ്യഭവനിലെത്തുകയും കല്യാണിയമ്മയുടെ മൃതദേഹം ഏറ്റുവാങ്ങുകയും സംസ്കാര ചടങ്ങുകള്‍ നടത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: