തിരുവനന്തപുരം: നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരേ ജാമ്യമില്ലാ വകുപ്പുകളനുസരിച്ച് വീണ്ടും കേസെടുത്തു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 3ന്റെ ഉത്തരവനുസരിച്ചാണ് കന്റോണ്‍മെന്റ് പോലീസിന്റെ നടപടി.
മേയര്‍ ആര്യ രാജേന്ദ്രന്, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന് അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവരുടെ പേരിലാണ് യദു പരാതി നല്‍കിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നിവ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നു. ആര്യ രാജേന്ദ്രനും സച്ചിന് ദേവിനുമെതിരേ യദു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും പോലീസ് കേസടുത്തില്ല.
തുടര്‍ന്ന് കമ്മിഷണര്‍ക്കു പരാതി കൊടുത്തു. എന്നാല്‍ നടപടിയുണ്ടാകാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവായപ്പോള്‍ ഇന്നലെ രാത്രിയില്‍ത്തന്നെ പോലീസ് കേസെടുത്തു. മേയറുടെ കാര്‍ ഓടിച്ചിരുന്നത് ആരാണെന്നു വ്യക്തമല്ല. മാത്രമല്ല, കാര്‍ ഡ്രൈവറുടെ വൈദ്യപരിശോധന പോലീസ് നടത്തിയില്ല. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ ദിവസം പൊതു താത്പര്യ ഹര്‍ജിയില്‍ മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കേസെടുത്തു. ഇത് പോലീസ് കോടതിയെ അറിയിക്കും.
സച്ചിന് ദേവ് ബസിലേക്ക് അതിക്രമിച്ച് കയറിയെന്നും പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും എഫ്ഐആറിലുണ്ട്. ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ പോലീസിനു കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: