ചെന്നൈ: തമിഴ്നാട്ടില്‍ റോട്ട് വീലര്‍ നായ്ക്കളുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരിക്ക് ഗുരുതര പരിക്ക്. ചെന്നൈയിലെ പാര്‍ക്കില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സുദക്ഷ എന്ന കുട്ടിയാണ് നായകളുടെ ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ നായ്ക്കളുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. നായ്ക്കളെ പരിപാലിക്കുന്ന രണ്ട് പേരെക്കൂടി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
ചെന്നൈയിലെ തൗസന്റ് ലൈറ്റ്സ് പ്രദേശത്തെ പൊതു പാര്‍ക്കിലാണ് സംഭവം. ഉടമ നായ്ക്കളെ അഴിച്ചുവിടുകയായിരുന്നു. നായ്ക്കള്‍ കുട്ടിയെ ആക്രമിക്കുന്നത് കണ്ടിട്ടും ഉടമ ഇടപെട്ടില്ലെന്ന് പോലീസ് പറയുന്നു. രക്ഷിതാക്കള്‍ ഓടിയെത്തിയാണ് പെണ്‍കുട്ടിയെ നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടിയുടെ അച്ഛന്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പിറ്റ്ബുള്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട് വീലര്‍ തുടങ്ങി 23 ഇനം അപകടകാരികളായ നായകളുടെ പ്രജനനവും വില്പനയും നിര്‍ത്തലാക്കണമെന്ന് മാര്‍ച്ചില്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇവയെ വന്ധ്യംകരിക്കണമെന്നും നിര്‍ദേശത്തിലുണ്ടായിരുന്നു. ചില പ്രത്യേകയിനം നായകളെ പരിപാലിക്കുന്നതില്‍ നിന്ന് ആളുകളെ വിലക്കണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയുള്‍പ്പെടെയുള്ളവര്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ആനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: