തിരുവനന്തപുരം: 11,560 കോടി രൂപ ചെലവില്‍ മെട്രോ റെയില്‍, സെപ്തംബറോടെ വാണിജ്യ പ്രവര്‍ത്തനം തുടങ്ങുന്ന രാജ്യത്തെ ആദ്യ ട്രാന്‍സ്്ഷിപ്പ്മെന്റ് കണ്ടൈയ്നര്‍ ടെര്‍മിനില്‍, 440 കോടി ചെലവില്‍ രാജ്യാന്തര നിലവാരത്തിലാക്കുന്ന സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്, പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസന പാതയിലേക്ക് കുതിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളം.
തിരുവനന്തപുരം വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക് കുതിക്കുകയാണ്. രാജ്യത്തെ ആഴമേറിയ ട്രാന്‍ഷിപ്പ്മെന്റ് പോര്‍ട്ടാണ് വിഴിഞ്ഞം. 20,000 മുതല്‍ 25,000 വരെ കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന വിഴിഞ്ഞം തുറമുഖം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ തിരുവനന്തപുരം നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും തിരക്കും വര്‍ദ്ധിക്കും.
ഇത് കണക്കിലെടുത്ത് കൂടുതല്‍ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും. ഇതിന്റെ ഭാഗമായാണ് കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത് വരുന്നത്. ഫെബ്രുവരി മാസത്തില്‍ തന്നെ ഡിപിആര്‍ കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് സംസ്ഥാന സര്‍ക്കാരിന് കൈമാറിക്കഴിഞ്ഞു.
സിവില്‍, ഇലക്ട്രിക്കല്‍, സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷന്‍, പരിസ്ഥിതി സംരക്ഷണം, പുനരധിവാസം തുടങ്ങിയവയും ചേര്‍ത്തുള്ള സമഗ്രമായ പദ്ധതി ചെലവാണ് 11,560.8 കോടി രൂപ. പള്ളിപ്പുറം ടെക്നോസിറ്റി മുതല്‍ പള്ളിച്ചല്‍ വരെയും കഴക്കൂട്ടം മുതല്‍ കിള്ളിപ്പാലം വരെയും രണ്ട് റൂട്ടുകളിലായി നിര്‍മ്മിക്കുന്ന 46.7 കിലോമീറ്റര്‍ മെട്രോ പദ്ധതിയുടെ അന്തിമ ഡിപിആറിന് ജൂണില്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ തിരുവനന്തപുരത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ മൂന്നാം ഘട്ടവും വരും. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനെ അത്യാധുനിക നിലവാരത്തില്‍ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഉടന്‍ തുടക്കമാകും.
കേന്ദ്ര സര്‍ക്കാരിന്റെ അമൃത ഭാരത് സ്റ്റേഷന് പദ്ധതിയില്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് നവീകരിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് 42 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും. എല്ലാവിധ അത്യാധുനിക സജ്ജീകരണങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലാണ് റെയില്‍വേ സ്റ്റേഷന് നവീകരണം നടത്തുന്നത്.
കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് തിരുവനന്തപുരം വിമാനത്താവളം. അന്താരാഷ്ട്ര ട്രാഫിക്കിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ എട്ടാമത്തെ വിമാനത്താവളവുമാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 4.4 ദശലക്ഷത്തിലധികം യാത്രക്കാരെയും 30,000 ലധികം വിമാനങ്ങളെയും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തു. മൂന്ന് എയര്‍ബസ് എ340 വിമാനങ്ങളെയും ഒരു ബോയിംഗ് 747 വിമാനത്തിലെയും യാത്രക്കാരെ (ഏകദേശം 1500 യാത്രക്കാര്‍) ഒരേ സമയം കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട് വിമാനത്താവളത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: