ശ്രീ സത്യസായ്(ആന്ധ്രാപ്രദേശ്) : മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതിയുടേയും തട്ടിപ്പിന്റേയും മാഫിയയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. മുഖ്യമന്ത്രിയും സംഘവും സംസ്ഥാനത്തിന്റെ വികസനത്തെ തടഞ്ഞുനിര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശ്രീ സത്യസായ് ജില്ലയില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഇല്ലാതാക്കുകയാണ് ടിഡിപി-ബിജെപി സഖ്യത്തിന്റെ ലക്ഷ്യം. ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. ജഗന് റെഡ്ഡി അധികാരത്തിലെത്തിയ ശേഷം ഇവയെല്ലാം നിര്‍ത്തിവെച്ചു. മാതൃഭാഷയായ തെലുങ്കിനെപ്പോലും സംസ്ഥാന വിദ്യാഭ്യാസ നയത്തില്‍ നിന്നും തുടച്ചുനീക്കാനാണ് ജഗന് റെഡ്ഡി സര്‍ക്കാരിന്റെ നീക്കം. ഇതിനായി പ്രൈമറി സ്കൂളുകളില്‍ തെലുങ്ക ഭാഷാ പഠിപ്പിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്, അമിത് ഷാ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന ബിജെപിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതില്‍ 100ല്‍ അധികം മണ്ഡലങ്ങള്‍ ഇതിനോടകം തന്നെ ബിജെപി ഉറപ്പിച്ചു കഴിഞ്ഞു. ബാക്കി സീറ്റുകള്‍ അടുത്ത ഘട്ട തെരഞ്ഞെടുപ്പുകളില്‍ ഉറപ്പിക്കുകയും വിജയിക്കുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. മെയ് 13നാണ് ആന്ധ്രാപ്രദേശിലെ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: