ജറുസലേം: ഹമാസുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലില്‍ അല്‍ജസീറ ചാനല്‍ പ്രവര്‍ത്തിക്കുന്നതിന് താത്കാലിക നിരോധനം കൊണ്ടുവരാന്‍ തീരുമാനം. ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ നിരോധനം കൊണ്ടുവരന്നത്. ഇതു സംബന്ധിച്ച് ഇസ്രായേല്‍ സര്‍ക്കാര്‍ ഏകകണ്ഠമായി വോട്ടും രേഖപ്പെടുത്തി. ഗാസയിലെ സൈനിക നടപടി ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ഹമാസിനെതിരെയുള്ള പോരാട്ടം ഇസ്രായേല്‍ തുടരുന്നതിനാല്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കപ്പെടുന്ന വിദേശ ബ്രോഡ്കാസ്റ്റിങ്ങുകള്ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താന്‍ ഇസ്രായേല്‍ പാര്‍ലമെന്റ് അടുത്തിടെ നിയമം പാസാക്കിയിരുന്നു. പിന്നാലെ അല്‍ ജസീറയ്ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്താന്‍ ഇന്നലെ ക്യാബിനറ്റും വോട്ടെടുപ്പ് നടത്തുകയായിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എക്സിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.
‘ഇസ്രായേലില്‍ അല്‍ജസീറ അടച്ചുപൂട്ടും. സര്‍ക്കാര്‍ ഇക്കാര്യം ഏകകണ്ഠമായി തീരുമാനിച്ചു’. എന്നായിരുന്നു പോസ്റ്റ്. ഹമാസുമായി ചേര്‍ന്ന് അല്‍ജസീറ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. സംഘര്‍ഷം സംബന്ധിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ രക്തരൂക്ഷിതമായ ചിത്രങ്ങളും വാര്‍ത്തയും പുറത്തുവിടുന്നുവെന്നാണ് ചാനലിനെതിരായ പ്രധാന ആരോപണം.
ഖത്തറാണ് അല്‍ജസീറയ്ക്ക് ഫണ്ട് നല്‍കുന്നത്. ഗാസ സംഘര്‍ഷത്തില്‍ ഇസ്രായേലിനെതിരെയാണ് ഖത്തറിന്റെ നിലപാട്. ഇതാണോ ചാനലിന് നിരോധനം ഏര്‍പ്പെടുത്താനുള്ള കാരണമെന്നും വ്യക്തമല്ല. അതേസമയം തങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല. ഇസ്രായേലിന്റെ ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് അല്‍ ജസീറ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: