ഇന്ന് 2024 മേയ് 6, ഇന്നത്തെ കലിസംഖ്യ 18,71,971. ഈ കലിസംഖ്യയുടെ പ്രാധാന്യം എന്താണെന്നു വച്ചാല്‍ ശ്രീകൃഷ്ണ ഭഗവാന് സ്വര്‍ഗാരോഹണം ചെയ്തശേഷം എത്രദിവസം പിന്നിട്ടിരിക്കുന്നു എന്നതാണ്. ഭാഗവതം ദ്വിതീയസ്കന്ധം ഏഴാം അധ്യായം രണ്ടാം ശ്ലോകപ്രകാരം വനമാലി സ്വര്‍ഗാരോഹണം ചെയ്തപ്പോഴാണ് ഭൂമിയില്‍ കലി പ്രവേശിച്ചത്. അങ്ങനെയെങ്കില്‍, രാകിപ്പൊടിച്ചു കടലില്‍ കലക്കിയപ്പോള്‍ ഏരകപ്പുല്ലായി വളര്‍ന്ന ഇരുമ്പുലക്കയുടെ രാകാനാവാത്ത ഭാഗം കുടയായി തറച്ച അമ്പ് ഒരു വനവേടന് ഭഗവാന്റെ പാ
ദാരവിന്ദത്തില് എയ്തുകൊള്ളിച്ചത് ബിസി 3102 ഫെബ്രുവരി 17ന് രാത്രിയിലാവണം. ആര്യഭടീയകാരനും ഈ ദിനത്തെ ശരിവയ്ക്കുന്നു.
രാമായണ, ഭാരതേതിഹാസങ്ങള്‍ കല്പിതകഥകളല്ലെന്നും അവ ഒരിക്കല്‍ ഈ മണ്ണില്‍ സംഭവിച്ചതാണെന്നും അതിന് സാക്ഷ്യം വഹിച്ച പ്രതിഭാധനര്‍ തന്നെയാണ് പില്ക്കാല തലമുറകള്‍ക്കായി അവ രേഖപ്പെടുത്തി വച്ചതെന്നും ഇതിഹാസത്തിലെ ജ്യോതിഷ പരാമര്‍ശങ്ങള്‍ തെളിവുതരുന്നത് ഇങ്ങനെയാണ്.
ഭാഗവത, ഭാരതങ്ങളിലെ സൂചനകള്‍ പ്രകാരം ശ്രീകൃഷ്ണഭഗവാന് 125 വര്‍ഷം ജീവിച്ചിരുന്നു എന്നാണ്. ആയുര്‍ദൈര്‍ഘ്യം കുറഞ്ഞ കലിയുഗത്തില്‍ കഴിയുന്നവര്‍ക്ക് ഇതുകേള്‍ക്കേ നെറ്റി ചുളിയാം. പരമാവധി മനുഷ്യായുസ്സ് 120 എന്ന ശാസ്ത്രപാഠത്തിന് നിരക്കുന്നതല്ലല്ലോ ഈ പ്രായം. പക്ഷേ ദ്വാപരത്തില്‍ ശരാശരി മനുഷ്യായുസ്സ് ഇന്നത്തേതിലും ഏറെയായിരുന്നു എന്നു കരുതുകയാണ് യുക്തം.
ഇതിഹാസ, പുരാണ സൂചനകള്‍ പ്രകാരം പ്രഗത്ഭ ജ്യോതിഷ പണ്ഡിതനും ഗവേഷകനുമായിരുന്ന ഡോ. ബി. വി. രാമന് ഭഗവാന്റെ ഗ്രഹനില അസന്നിഗ്ദ്ധമായി ഗണിച്ചെടുത്തിട്ടുണ്ട്. അതിന്‍പ്രകാരം, മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തിയ കാര്വര്ണ്ണന് ജനിച്ചത് ബിസി 3228 ജൂലൈ 19 ന് ആയിരുന്നു. ജനനമോ അര്‍ദ്ധരാത്രിക്കും. ജന്മശിഷ്ടം നാലു വര്‍ഷവും രണ്ടു മാസവും 21 ദിവസവും ചന്ദ്രദശയും.
ശുക്രക്ഷേത്രമായ ഇടവം ലഗ്നമായി, കൃഷ്ണപക്ഷ അഷ്ടമിയും രോഹിണീ നക്ഷത്രവും ചേര്‍ന്ന സമയം ജനനം. രണ്ടാമിടമായ മിഥുനം ഗ്രഹശൂന്യം. മൂന്നാമിടമായ കര്‍ക്കടകത്തില്‍ രാഹുവും ചൊവ്വയും ശുക്രനും. നാലാമിടമായ ചിങ്ങത്തില് സൂര്യനും വ്യാഴവും. അഞ്ചാമിടമായ കന്നിയില്‍ ബുധന്‍. ആറാമിടം ഗ്രഹശൂന്യം.
ലഗ്നാധിപനായ ശുക്രനും പന്ത്രണ്ടാം ഭാവാധിപനായ കുജനും സംഭവിച്ച രാഹുബന്ധത്തില് കണ്ണന്റെ കാരാഗൃഹത്തിരുപ്പിറവി വ്യക്തമായും സൂചിതമാകുന്നു. രാഹുവിന്റെയും പതിനൊന്നാം ഭാവാധിപത്യമുള്ള വ്യാഴത്തിന്റെയും നവാംശക സ്ഥിതിയിലൂടെ പൂര്‍വജന്മാരുടെ ജന്മവും ദുര്‍മൃതിയും വ്യക്തമാകുന്നു. മാതൃകാരകനായ ചന്ദ്രന് ഉച്ചനും, പിതൃകാരകനായ സൂര്യന് സ്വക്ഷേത്രബലവാനുമായത് അവര്‍ക്ക് ദീര്‍ഘായുസ്സേകി. മുടിക്കുത്തിനു ചുറ്റിപ്പിടിച്ചു വെട്ടാനോങ്ങിയിട്ടും കംസന് സോദരി ദേവകിയെ കൊല്ലാതെ വിടാന്‍ തോന്നിച്ചതും അവരുടെ ദീര്‍ഘായുസ്സ് കൊണ്ടുതന്നെ. ഏഴാം ഭാവാധിപത്യമുള്ള ചൊവ്വയ്ക്ക് രാഹുബന്ധം വന്നതും ഇതിനൊപ്പം വൃശ്ചികത്തില് ശനിസ്ഥിതി വന്നതും മരണം ആയുധമേറ്റാകാന് കാരണമായി. വൃശ്ചികത്തിലെ ശനി കാരാഗൃഹവാസം, ബന്ധനം, ശസ്ത്രമേറ്റു മരണം എന്നിവയ്ക്കെല്ലാം നിമിത്തമാകാം.
ലഗ്നനാഥനായ ശുക്രനും ലഗ്നസ്ഥിത ചന്ദ്രനും ലഗ്നത്തിലേക്ക് ദൃഷ്ടി ചെയ്യുന്ന ശനിയും കൂടി കണ്ണനെ രക്തച്ഛവി കലര്‍ന്ന കവിളുകളും ചെമ്പവിഴാധരവും ഉള്ള നീലമേഘവര്ണനാക്കി, ഒപ്പം പുരുഷസൗന്ദര്യത്തിന്റെ മൂര്‍ത്തീരൂപവും. ഇടവലഗ്നക്കാര്‍ക്ക് കേന്ദ്രത്രികോണാധിപത്യം (9,10 രാശികളുടെ) ഉള്ള ശനി ശുഭനും യോഗകാരകനുമാണ്. കാണുന്നവരെയൊക്കെ തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ പോന്ന കാന്തികശക്തി അദ്ദേഹത്തിനു ലഭിച്ചതെങ്ങനെയെന്നും ഇതില്‍ നിന്നു വ്യക്തമാകുന്നു.
അക്കാലത്തെ അധിരഥന്മാരെപ്പോലെ ആയോധന വിദ്യകള്‍ ഒന്നുംതന്നെ ദീര്‍ഘകാലം ഗുരുമുഖത്തു നിന്ന് അഭ്യസിച്ചിട്ടില്ലെങ്കിലും ശിശുപാല മഹാരാജാവു മുതല്‍ കണ്ണനോടേറ്റവരെല്ലാം തോറ്റിട്ടേ ഉള്ളൂ. മൂന്നാമിടത്ത് നീചഭംഗം ചെയ്തു ബലവാനായ കുജന് നല്കിയ അതിരറ്റ ധൈര്യവും ആത്മവിശ്വാസവും അപ്രതിരോധ്യകഴിവുകളുമാണ് ആയോധനത്തില്‍ കണ്ണനെ അദ്വിതീയനാക്കിയത്. എന്നാല്‍ മനക്കാരകനും മാതൃകാരകനുമായ ചന്ദ്രന് മൂന്നാംഭാവാധിപത്യം വരികയാലും ജനനം രാത്രിയിലാകയാലും ജാതകനും മാതാവിനും പലവിധ മനക്ലേശങ്ങളിലൂടെയും കടന്നുപോകേണ്ടതായും വന്നു.
ഗുരു സാന്ദീപനി പകര്‍ന്ന അറിവിലും എത്രയോ ഇരട്ടിയാണ് അനുഭവജ്ഞാനത്തിലൂടെ നന്ദനന്ദനന്‍ ലോകത്തിനു പകര്‍ന്നത്. ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ ക്ലീബാവസ്ഥയില് നിന്ന സവ്യസാചിയെ ഗീതയോതി കര്മ്മകുശലനാക്കി ഭാരതയുദ്ധം വിജയിപ്പിച്ച കണ്ണന്റെ വാക്ചാതുരി വന്നതു രണ്ടാംഭാവാധിപത്യം വഹിച്ച് അഞ്ചില്‍ മൂലത്രികോണക്ഷേത്രസ്ഥിതനായ ബുധനിലൂടെയാണ്. നാലു വേദങ്ങളിലും ആറു ശാസ്ത്രങ്ങളിലും രാജധര്‍മ്മങ്ങളിലും കണ്ണന് അദ്വിതീയമായ അറിവു സമ്പാദിച്ചത് കേവലം 64 ദിവസം കൊണ്ടാണ്. അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയതും ഈ ബുധനാണ്. യോഗകാരകനായ ശനിയുടെ ദൃഷ്ടിയോടെ ദേവഗുരുവായ ബൃഹസ്പതിയും സൂര്യനും നാലില്‍ നില്‍ക്കുന്നത് ഭഗവാന്റെ ആധ്യാത്മികജ്ഞാനത്തേയും വെളിവാക്കുന്നു.
അവസാനമായി ഭഗവാനില്‍ ആരോപിതമായ ‘പതിനാറായിരത്തെട്ടും’ കൂടി പരിഗണിക്കാം. കളത്രകാരകനായ ശുക്രന് ഏഴാംഭാവാധിപതിയായ ചൊവ്വയോടും പ്രണയകാരകനായ രാഹുവിനോടും യോഗം ചെയ്തു നില്‍ക്കയാലാണ് ഭഗവാന് സ്ത്രീകള്‍ക്കെല്ലാം പ്രിയങ്കരനായി തീര്‍ന്നത്. കൃഷ്ണനിലേക്ക് കമനീയാംഗികള് ആകൃഷ്ടരായപ്പോഴും ഭഗവാന് വൈകാരികാസക്തികള്‍ വെടിഞ്ഞ നിര്‍മ്മമനായാണ് വര്‍ത്തിച്ചത്. നീചത്വം ഭവിച്ച കുജനാണ് ഭഗവാന് ഈ നിര്‍മ്മമത്വം സമ്മാനിച്ചത്; കുട്ടിക്കൂട്ടുകാരെ മുതല്‍ പ്രിയ സഖി രാധയെ വരെ വിരഹവേദന തെല്ലുമില്ലാതെ പിരിയാന്‍ ഗോപീജനചിത്തചോരന് കഴിഞ്ഞതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: