കേരളത്തില്‍ ഒരു നൂറ്റാണ്ട് മുമ്പാണ് ചപ്പാത്തിയെത്തിയതെന്ന് മാതൃഭൂമി പത്രത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത വായിച്ചു. മാതൃഭൂമിയുടെ കേരളം എന്നത് കോഴിക്കോട് നഗരപരിധിക്കകത്ത് ഒതുങ്ങുന്നതാണെന്ന് ആ പത്രം വായിക്കുന്ന ആര്‍ക്കും അറിയാന്‍ കഴിയും. ലോകത്തിന്റെ കേന്ദ്രം തന്നെ കോഴിക്കോട് നഗരത്തിലെ റോബിന്‍സണ്‍ റോഡിലാണ് എന്ന മട്ടിലാണ് പണ്ടൊക്കെ തോന്നിയിരുന്നത്. ഏതായാലും ചപ്പാത്തിക്കാര്യം വായിച്ചപ്പോള്‍ കേരളത്തിന്റെ തെക്കേ അറ്റത്ത് തിരുവിതാംകൂര്‍ എന്ന രാജ്യമുണ്ടായിരുന്നുവെന്നും, അവിടെ സ്വാമി വിവേകാനന്ദന് തന്റെ ഭാരതപരിക്രമണത്തിന്റെ ഭാഗമായി രണ്ട് മൂന്ന് ദിവസങ്ങള്‍ താമസിച്ചിരുന്നുവെന്നും ഓര്‍മ്മ വന്നു.
അവിടെ ഒരു ബംഗാളി ഉദ്യോഗസ്ഥന്റെ അതിഥിയായാണ് ആ അവധൂതന് താമസിച്ചത്. തിരുവനന്തപുരത്ത് ഭാരതത്തിലെങ്ങുനിന്നുമുള്ള ഭരണതന്ത്രജ്ഞരെ കണ്ടെത്തി രാജാവ് നിയമിക്കാറുണ്ടായിരുന്നു. അക്കൂട്ടത്തില്‍ മനോന്മണീയം സുന്ദരന്‍ പിള്ളയുടെ വീട്ടിലും സ്വാമിജി താമസിച്ചു. സ്വാമിജി ഉറങ്ങിയ കട്ടില് സുന്ദരന്‍ പിള്ളയുടെ പിന്‍ഗാമികള്‍ ഭാരതീയ വിചാരകേന്ദ്രത്തിന് സമ്മാനിച്ചു. തിരുവനന്തപുരത്തെ കവടിയാറില്‍ പരമേശ്വര്‍ജി മുന്‍കയ്യെടുത്ത് സ്ഥാപിച്ച സ്വാമിജിയുടെ പൂര്‍ണകായപ്രതിമ സാക്ഷി നിറുത്തിയാണ് വിചാരകേന്ദ്രം അത് ഏറ്റുവാങ്ങിയത്. തമിഴ്നാട് സര്‍ക്കാര്‍ സ്ഥാപിച്ച തമിഴ് സര്‍വകലാശാലയ്ക്ക് മനോന്മണീയം എന്നാണ് പേരിട്ടത്. അദ്ദേഹത്തിന്റെ മകന് പി. എസ്. നടരാജപിള്ള തിരുവിതാംകൂറിലെ ആദ്യ സോഷ്യലിസ്റ്റുകളില്പ്പെടുന്നു. വളരെ വര്‍ഷങ്ങള്‍ സംസ്ഥാനത്ത്, കേരള രൂപീകരണശേഷവും അദ്ദേഹം മന്ത്രിസഭാംഗമായിരുന്നു.
തിരുവനന്തപുരത്ത് 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഗണ്യമായ സംഖ്യയില്‍ മഹാരാഷ്ട്ര, പഞ്ചാബ്, യുപി സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നതിനാല് അവിടെ തീര്‍ച്ചയായും ചപ്പാത്തി എത്തിയിരിക്കണം. ഏതായാലും ഞാന്‍ ചപ്പാത്തി തിന്നുന്നത് ഏതാണ്ട് 80 കൊല്ലത്തിന് മുമ്പാണ്. അന്ന് തൊടുപുഴ മണക്കാട് എന്‍എസ്എസ് മലയാളം മിഡില്‍ സ്കൂളിലെ ഹെഡ് മാസ്റ്റര്‍ എന്റെ അച്ഛനായിരുന്നു. പള്ളിക്കൂടത്തിന് തൊട്ടടുത്തു തന്നെയാണ് ഞങ്ങളുടെ ഒറ്റപ്ലാക്കല്‍ വീട്. ആണ്ടിലൊരിക്കല്‍ പള്ളിക്കൂടം പരിശോധിക്കാന്‍ എന്‍എസ്എസ് സ്കൂള്‍ വിഭാഗം മാനേജര്‍ കൈനിക്കര പത്മനാഭപിള്ള വരുമായിരുന്നു. സ്വയം കാറോടിച്ചാണ് അദ്ദേഹം വന്നിരുന്നത്. അത്തരം പള്ളിക്കൂടങ്ങളില്‍ ഏറ്റവും മികച്ചത് മണക്കാടായിരുന്നു. താമസസൗകര്യം തുലോം കുറവായിരുന്ന അക്കാലത്ത് ഇത്തരം വിശിഷ്ടാതിഥികളോ സ്കൂളിലേക്ക് സ്ഥലം മാറിവരുന്ന അധ്യാപകരോ കുറച്ച് നാളത്തേക്ക് ഞങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
ദേശീയ പ്രസ്ഥാനത്തില്‍ ഉറച്ചു വിശ്വാസമുണ്ടായിരുന്നവരായിരുന്നു കൈനിക്കര സഹോദരന്മാരായിരുന്ന പത്മനാഭപിള്ളയും കുമാരപിള്ളയും. ഇന്റര്‍ കഴിഞ്ഞ് ഉപരിപഠനത്തിന് ഇരുവരും കല്‍ക്കത്തയിലാണ് പോയത്. സര് അശുതോഷ് മുഖര്‍ജിയെന്ന വിദ്യാഭ്യാസ വിചക്ഷണന്‍ ഉന്നത വിദ്യാഭ്യാസത്തില്‍ ബംഗാളി ഭാഷയ്ക്ക് മുന്‍ഗണന നല്കി. അതാണ് കൈനിക്കര സഹോദരന്മാര് അവിടെ പോകാന്‍ കാരണം. ഉന്നതനിലയില്‍ വിജയിച്ച് അവര്‍ നാട്ടിലെത്തിയപ്പോള്‍ പ്രശ്നമുണ്ടായി. മദിരാജി സര്‍വകലാശാലയുടെ കീഴിലായിരുന്നു തിരുവിതാംകൂറിലെ ഉന്നതവിദ്യാഭ്യാസം. ഇംഗ്ലീഷറിയില്ലാത്ത കല്‍ക്കത്താ ബി എക്കാര്‍ക്ക് മദിരാശി സര്‍വകലാശാലയുടെ കീഴില്‍ പഠിപ്പിക്കാനാകുമായിരുന്നില്ല. അങ്ങനെ മന്നത്ത് പത്മനാഭ പിള്ള അവരെ എന്‍എസ്എസ് സ്കൂളുകളുടെ ചുമതലയേല്‍പ്പിച്ചു. പത്മനാഭ പിള്ള മാനേജരും കുമാരപിള്ള കരുവാറ്റയിലെ ട്രെയിനിംഗ് സ്കൂള്‍ പ്രിന്‍സിപ്പലുമായി. ടിടിസിക്ക് കുമാരപിള്ള സാറിന്റെ വിദ്യാര്‍ഥിയായിരുന്നു എന്റെ അച്ഛന്.
പത്മനാഭപിള്ള സാര്‍ അങ്ങനെയാണ് മണക്കാട്ടെത്തിയതും, ഞങ്ങളുടെ വീട്ടില്‍ ഒരു രാത്രി ചെലവിട്ടതും. അദ്ദേഹത്തിന് അത്താഴത്തിന് പഥ്യം ചപ്പാത്തിയായിരുന്നു. ചപ്പാത്തിയെക്കുറിച്ച് ഞങ്ങളൊന്നും കേട്ടിട്ടു തന്നെയില്ല. തന്റെ സ്ഥിരമായ സഞ്ചാരത്തിനിടയില്‍ ഇതൊക്കെ നേരത്തെ അറിയുമായിരുന്ന കൈനിക്കര സാര്‍ ഗോതമ്പ് പൊടി കൂടെ കൊണ്ടു നടക്കാറാണ് പതിവ്. അതെടുത്ത് കുഴച്ച് ഉരുട്ടി പരത്തി കനലില്‍ ഇട്ടു ചുട്ടെടുക്കുന്ന കാഴ്ച ഏറെ കൗതുകകരമായിരുന്നു. ഗോതമ്പ് കൊണ്ടുണ്ടാക്കിയ വലിയ പപ്പടമെന്നാണ് ഞങ്ങള്‍ കുട്ടികള്‍ അതിനെ വിശേഷിപ്പിച്ചത്.
സാറും അച്ഛനും രാത്രി വളരെ വൈകുന്നത് വരെ സ്കൂള്‍ സംബന്ധിയായ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അന്നൊക്കെ ടോയ്ലറ്റ് സംവിധാനം കേട്ടു കേള്‍വി പോലുമുണ്ടായിരുന്നില്ല. ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്ന് പാളത്തൊട്ടി കൊണ്ട് വെള്ളം കോരി അദ്ദേഹത്തിന് കുളിക്കാന്‍ സൗകര്യമുണ്ടാക്കി. വീട്ടിലുണ്ടാക്കിയ കടുംകാപ്പിയും കടയില്‍ നിന്ന് വാങ്ങിയ ദോശയും പ്രാതലാക്കി അദ്ദേഹം യാത്രയായി. റോഡില്‍ ഒതുക്കിയിട്ടിരുന്ന കാര്‍ ഒരു പ്രത്യേക ആകൃതിയിലുള്ള കമ്പി കൊണ്ട് സ്റ്റാര്‍ട്ടാക്കുന്നത് അത്ഭുതത്തോടെ കണ്ടു. പോകുന്നതിന് മുമ്പ് എന്നെയും ചേച്ചി ജഗദമ്മയെയും കയറ്റിയിരുത്തി കുറച്ചു ദൂരം അദ്ദേഹം കാറോടിച്ചു.
സര് സിപി രാമസ്വാമി അയ്യര്‍ ദിവാനായി സ്ഥാനമേറ്റപ്പോള്‍ ഇരുവരുടെയും പ്രതിഭ മനസിലാക്കി സര്‍ക്കാര്‍ സര്‍വീസില്‍ എടുത്തു. അങ്ങനെ വിദ്യാഭ്യാസ മേഖലയില്‍ കിടയറ്റ സേവനം അനുഷ്ഠിച്ച അവര്‍ സാഹിത്യ രംഗത്തും പ്രാഗല്ഭ്യം തെളിയിച്ചിരുന്നു. അമച്വര്‍ നാടകരംഗത്ത് ഇരുവരും മുന്‍നിരക്കാരായിരുന്നു. സി. വി. രാമന് പിള്ളയുടെ ചരിത്രാഖ്യായികള്‍ക്ക് നാടകരൂപം നല്കി അവതരിപ്പിക്കുന്നതിനും അവര്‍ മുന്നിട്ടിറങ്ങി. കുമാരപിള്ള സാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിനു ശേഷം മന്നത്തിന്റെ അഭ്യര്‍ഥന മാനിച്ച് മഹാത്മാഗാന്ധി കോളേജ് പ്രി
ന്സിപ്പലായി. ആ സ്ഥാപനത്തിന്റെ സുവര്‍ണ കാലഘട്ടം അദ്ദേഹത്തിന്റെ കീഴിലായിരുന്നു.
പത്മനാഭപിള്ള തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ വീട് സ്വന്തമാക്കി താമസമാക്കി. അദ്ദേഹത്തിന്റെ മകന് കര്‍മ്മചന്ദ്രന്‍ യൂണിവേഴ്സിറ്റി കോളേജില്‍ എന്നോടൊപ്പം പഠിച്ചിരുന്നു. മഹാത്മാ ഗാന്ധിയുടെ പേരിലെ കരംചന്ദാണ് കര്മ്മചന്ദ്രനെന്ന പേരിന് പ്രേരണയായതെന്ന് വ്യക്തമാണ്.
പത്മനാഭപിള്ള സാര്‍ പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലിറങ്ങി. കൊല്ലം മാവേലിക്കര ദ്വയാംഗ മണ്ഡലത്തില്‍ അദ്ദേഹം ലോകസഭയിലേക്ക് മത്സരിച്ചുവെന്നാണ് എന്റെ ഓര്‍മ്മ. കമ്മ്യൂണിസ്റ്റ രാഷ്ട്രീയത്തിന്റെ കുതിച്ചു കയറ്റത്തിന്റെ കാലമായിരുന്നു അത്. വി. പരമേശ്വരന് നായര്‍ അവിടെ ഗംഭീര വിജയം നേടി. 1952 -57 കാലത്തിലെ ഏറ്റവും മികച്ച പാര്‍ലമന്റേറിയന്‍ എന്ന ബഹുമതി 1953 ല്‍ അന്തരിച്ച ശ്യാമപ്രസാദ് മുഖര്‍ജിക്കൊപ്പം അദ്ദേഹം നേടി. വി.പി. നായര്‍ പിന്നീട് ‘കേരളശബ്ദം’ എന്ന രാഷ്ട്രീയ വാരിക തുടങ്ങി. ഗോപാല്‍ വിനായക് ഗോഡ്സെയുടെ ആത്മകഥയായ ‘ഗാന്ധിഹത്യ ക്യോം’ എന്ന പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കേരള ശബ്ദം ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ വീടിനു നേരെ ആരെങ്കിലും കല്ലെറിയുകയോ കേസെടുക്കുകയോ ചെയ്തില്ല. വര്‍ഷങ്ങള്‍ക്കു ശേഷം പയ്യന്നൂരിലെ ചില ചെറുപ്പക്കാര്‍ ആ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രസ് മുദ്രവയ്ക്കുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. വി. പി. നായര്‍ കമ്മ്യൂണിസ്റ്റ്കാരനായതിനാല് ആര്‍ക്കും പരാതിയില്ലായിരുന്നു.
കൈനിക്കര സാര്‍ ആദ്യ ഇഎംഎസ് ഭരണകാലത്ത് മാതൃഭൂമിയില്‍ ‘ശിഥില ചിന്തകള്‍’ എന്ന പംക്തി എഴുതിയിരുന്നു. സംസ്ഥാന-രാഷ്ട്രീയ-രാഷ്ട്രീയേതര-പൊതുവിഷയങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തിയ പംക്തിയായിരുന്നു അത്. ഒന്നാം ഇഎംഎസ് ഭരണകാലത്തെ വിലയിരുത്തി ‘റെഡ് ഇന്റര്‍ലൂഡ് ഇന്‍ കേരള’ എന്നൊരു നിരൂപണ പുസ്തകവും അദ്ദേഹമെഴുതി. ചരിത്രബോധവും വിശകലന കുശലതയും നിറഞ്ഞു നിന്നിരുന്ന ആ പുസ്തകം രാജ്യത്തിനകത്തും പുറത്തും റെക്കോര്‍ഡ് പ്രചാരം നേടി. ‘കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തില്‍’ എന്ന അതിന്റെ വിവര്‍ത്തനം ശരാശരി നിലവാരമേ പുലര്‍ത്തിയുള്ളൂ. കെപിസിസിയാണ് അത് പ്രസിദ്ധീകരിച്ചത്. വില്പന നന്നായിരുന്നു.
1954 കാലത്ത് പി. മാധവജി തിരുവനന്തപുരത്ത് പ്രചാരകനായി വന്നപ്പോള്‍ കാര്യാലയത്തിലായിരുന്നു താമസം. അന്ന് യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയായ ഞാനും കാര്യാലയത്തിലായിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ച് സംഘകാര്യം അവതരിപ്പിക്കുന്നത് അദ്ദേഹം പതിവാക്കിയിരുന്നു. കൈനിക്കരയുടെ വസതിയില്‍ പോയപ്പോള്‍ ഞാനുമുണ്ടായിരുന്നു, ശ്രോതാവായി മാത്രം. മണക്കാട് സ്കൂള്‍ സന്ദര്‍ശനത്തെക്കുറിച്ച് ഞാന്‍ പരാമര്‍ശിച്ചു. അത് പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പായിരുന്നെങ്കിലും പള്ളിക്കൂടത്തെക്കുറിച്ചും അച്ഛനെക്കുറിച്ചും തിരക്കി.
പത്മനാഭപിള്ള സാര്‍ മാതൃഭൂമിയിലെഴുതിയ ശിഥില ചിന്തകളില്‍ ഒന്നിന്റെ ആരംഭം ‘ഇന്നത്തെ ചിന്ത ശിഥിലമല്ല, ദൃഢബദ്ധമാണ്’ എന്നായിരുന്നു. എന്റെ ഇന്നത്തെ കുറിപ്പുകളില്‍ സംഘപഥവുമില്ല, ഹരികഥയുമില്ല. ഓര്‍മ്മകളിലൂടെ ഒരോട്ടപ്രദക്ഷിണം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: