ന്യൂയോര്‍ക്ക്: അമിതമായ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് രോഗികളെ കൊലപ്പെടുത്തിയെന്ന കേസില്‍ നഴ്സിന് 700 വര്‍ഷത്തിലേറെ തടവ്. അമേരിക്കയിലെ പെന്‍സില്‍വേനിയയില്‍ നഴ്സായിരുന്ന നാല്‍പ്പത്തൊന്നുകാരിയായ ഹെതര്‍ പ്രസ്ഡിയെയാണ് കോടതി ശിക്ഷിച്ചത്.
ചികിത്സയിലായിരുന്ന പതിനേഴു രോഗികളുടെ മരണത്തിന് ഉത്തരവാദി ഹെതര്‍ പ്രസ്ഡിയാണെന്നായിരുന്നു കണ്ടെത്തല്‍. 2020 മുതല്‍ 2023 വരെ അഞ്ച് ആശുപത്രികളിലായാണ് പ്രതി രോഗികളെ കൊലപ്പെടുത്തിയത്. മൂന്ന് കൊലക്കേസുകളിലും 19 വധശ്രമക്കേസുകളിലും പ്രതി കുറ്റക്കാരിയെന്ന് വിചാരണയില്‍ കണ്ടെത്തി.
രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്നതിനിടെയാണ് ഇവര്‍ രോഗികള്‍ക്ക് അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ചത്. പ്രമേഹമില്ലാത്ത രോഗികള്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് ഇത്തരത്തില്‍ ഇന്‍സുലിന്‍ കുത്തിവച്ചിരുന്നു. ഇവരില്‍ ചിലര്‍ കുത്തിവയ്പ്പിന് പിന്നാലെ മരിച്ചു. മറ്റുചിലര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലും മരണത്തിന് കീഴടങ്ങി.
43 മുതല്‍ 104 വയസ് വരെയുള്ള രോഗികളാണ് നഴ്സിന്റെ ക്രൂരതയ്ക്കിരയായത്. കഴിഞ്ഞ മെയില്‍ രണ്ട് രോഗികളെ കൊലപ്പെടുത്തിയതിനാണ് ഹെതറിനെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ കുറ്റങ്ങള്‍ പ്രതിക്കെതിരേ ചുമത്തുകയായിരുന്നു. 2018 മുതല്‍ വിവിധ നഴ്സിങ് ഹോമുകളിലും ആശുപത്രികളിലുമായാണ് ഹെതര്‍ പ്രസ്ഡി ജോലിചെയ്തിരുന്നത്. അറസ്റ്റിലായതോടെ കഴിഞ്ഞ വര്‍ഷം പ്രതിയുടെ രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്തിരുന്നു.
ആശുപത്രികളില്‍ രോഗികളോടും സഹപ്രവര്‍ത്തകരോടും വളരെ അതൃപ്തിയോടെയാണ് ഹെതര്‍ ഇടപെട്ടിരുന്നത്. ഇതേക്കുറിച്ച് അമ്മയ്ക്ക് അയച്ച സന്ദേശങ്ങളില്‍ പ്രതി വിശദീകരിച്ചിരുന്നു. രോഗികളെ ഉപദ്രവിക്കാന്‍ തോന്നുന്നതായും ഈ സന്ദേശങ്ങളില്‍ പറഞ്ഞിരുന്നു. ഹെതറിന്റെ അസ്വാഭാവികമായ പെരുമാറ്റത്തെ സംബന്ധിച്ച് സഹപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: