ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതിക നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ‘ശ്രീകാന്ത്’ എന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക.
വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചു കൂടേ എന്നതായിരുന്നു ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ‘എല്ലാവര്‍ഷവും വോട്ട് ചെയ്യാറുണ്ട് എന്ന് പറഞ്ഞു തുടങ്ങിയ ജ്യോതിക ഉടനെ എല്ലാ അഞ്ചു വർഷം കൂടുമ്പോള്‍ എന്ന് തിരുത്തി. തുടര്‍ന്ന് ചില സമയങ്ങളില്‍ നാട്ടിലുണ്ടാകില്ല. ചിലപ്പോള്‍ ജോലി സംബന്ധമായി പുറത്തായിരിക്കും. അല്ലെങ്കില്‍ അസുഖം വന്നിരിക്കുകയായിരിക്കും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ചില അവസരങ്ങളില്‍ രഹസ്യമായി വോട്ട് ചെയ്യും. ഓണ്‍ലൈനില്‍ കൂടെയെല്ലാം അവസരമില്ലേ’ എന്നായിരുന്നു ജ്യോതികയുടെ പ്രതികരണം.
ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാം എന്ന ജ്യോതികയുടെ പരാമര്‍ശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ജ്യോതികയ്‌ക്ക് ട്രോള്‍ മഴയാണ്. ഓണ്‍ലൈനായി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും എങ്ങനെയാണെന്ന് ജ്യോതിക പറഞ്ഞു തരണമെന്നുമാണ് പലരുടെയും ആവശ്യം.
വിദേശത്ത് ജീവിക്കുന്ന തങ്ങളില്‍ പലര്‍ക്കും വലിയ വിമാനക്കൂലി നല്‍കി യാത്ര ചെയ്ത് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ വോട്ടിങ് സഹായകരമാകുമെന്നും ജ്യോതിക മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: