ക്യാമറയുള്ളത് നാലേ നാല് ബസ്സില്‍. അതില്‍ യദു ഓടിച്ച ബസ്സിലെ ക്യാമറയുടെ മെമ്മറി കാര്‍ഡാണ് നഷ്ടപ്പെട്ടത്. ബാക്കി മൂന്ന് ബസ്സുകളിലും ക്യാമറയും മെമ്മറി കാര്‍ഡുമുണ്ട്. പോലീസ് പരിശോധനയ്‌ക്ക് എത്തുന്നതിന് തൊട്ടു മുമ്പാണ് മെമ്മറി കാര്‍ഡ് പോയത്. ഇത് അന്വേഷിക്കാന്‍ ഗതാഗത മന്ത്രി എംഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓര്‍ക്കാപ്പുറത്താണ് എ.എ. റഹിം എം.പി, സച്ചിന്‍ദേവ് ബസ്സില്‍ കയറിയ കാര്യം പറഞ്ഞത്. ബസ്സില്‍ കയറി ടിക്കറ്റ് ചോദിച്ചെന്നും ആളെ ഇറക്കി വിട്ടെന്നും പറഞ്ഞതാണ് ഇപ്പോള്‍ പെട്ടത്. നേരു പറഞ്ഞു നാറുക എന്നു കേട്ടിട്ടില്ലെ, അതുപോലെയായി. എതായാലും പൊന്‍ ചെരിപ്പാണേലും കാലിനേ പറ്റൂ എന്ന പോലെ പൊളിയുകയാണ് കെട്ടിപ്പൊക്കിയ ഓരോ ആരോപണവും.
മേയര്‍ ആര്യക്കെതിരെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലാണ് ഒടുവിലുണ്ടായത്. യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച പരാതിയില്‍ കേസെടുക്കാത്ത കേേന്റാണ്‍മെന്റ് എസ്എച്ച്ഒയ്‌ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് കമ്മിഷന്‍ ഉത്തരവിട്ടിരിക്കുകയാണ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്.
മേയ് ഒമ്പതിന് തിരുവനന്തപുരത്തെ കമ്മിഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. നേമം സ്വദേശി എല്‍.എച്ച്. യദു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ആര്യ രാജേന്ദ്രന്‍, കെ.എം. സച്ചിന്‍ദേവ്, അരവിന്ദ്, കണ്ടാലറിയാവുന്ന രണ്ടു പേര്‍, എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവര്‍ ഏപ്രില്‍ 27ന് യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. തന്നെ അസഭ്യം പറയുകയും യാത്രക്കാരെ ബസില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നു യദുവും പരാതിയില്‍ ആരോപിച്ചു. അന്ന് രാത്രി പത്തരയ്‌ക്ക് കന്റോണ്‍മെന്റ് എസ്എച്ച്ഒയ്‌ക്ക് പരാതി നല്‍കിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുന്‍ഭാഗത്തുള്ള ക്യാമറകള്‍ പരിശോധിച്ചാല്‍ നടന്നത് ബോധ്യമാവും. എന്നാല്‍ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്നും യദു പരാതിയില്‍ പറഞ്ഞു.
കന്റോണ്‍മെന്റ് എസ്എച്ച്ഒയെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് യദുവിന്റെ മറ്റൊരാവശ്യം. ഒന്നു മുതല്‍ അഞ്ചു വരെയുള്ള എതിര്‍കക്ഷികള്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും തന്നെയും യാത്രക്കാരെയും സഞ്ചരിക്കാന്‍ അനുവദിക്കാത്തതിനുമെതിരേയും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ഡ്രൈവര്‍ യദു ബിഎംഎസുകാരനാണെന്ന വാദവുമായി ദേശാഭിമാനി രംഗത്തിറങ്ങി. സ്ത്രീകളെ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതിനും അപകടകരമായ ഡ്രൈവിംഗിനും യദുവിനെതിരെ മുമ്പും പരാതിയുണ്ടായിരുന്നു എന്നും ആരോപണം. സിപിഎം മേയറായതുകൊണ്ടാണിങ്ങനെ എന്നാണ് ദേശാഭിമാനിയുടെ ഭാഷ്യം. ഏപ്രില്‍ 27നു രാത്രി പത്തരയോടെ പാളയത്ത് മേയറും സംഘവും ബസ് തടയുകയും ബസിലെ ഡ്രൈവ
റുമായി വാക്കേറ്റമുണ്ടാകുകയും ചെയ്ത സംഭവത്തിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഒളിപ്പിച്ച സംഭവങ്ങളെക്കുറിച്ച് മിണ്ടാട്ടമില്ല.
ബസിലെ സിസിടിവി ക്യാമറ പരിശോധിക്കണമെന്നും ആ തെളിവുകള്‍ ഇല്ലായ്മ ചെയ്യാന്‍ സാധ്യതയുണ്ടെന്നും സംഭവം നടന്ന ദിവസം മുതല്‍ ഡ്രൈവര്‍ യദു പറഞ്ഞിരുന്നു. എന്നാല്‍, ഈ സാധ്യത പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത് ഏപ്രില്‍ 30നാണ്. സിസിടിവി പരിശോധിക്കാന്‍ സൗകര്യമൊരുക്കണമെന്ന് കന്റോണ്‍മെന്റ് പൊലീസ് കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതരോട് ഔദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും അന്നു ബസ് തൃശൂരിലേക്കു സര്‍വീസിനു പുറപ്പെട്ടിരുന്നു. മേയ് ഒന്നിന് മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ ചീഫ് ഓഫിസിലെ ടെക്‌നിക്കല്‍ വിഭാഗം അനുമതി നല്‍കി. അന്നു പൊലീസ് സംഘം ഡിപ്പോയിലെത്തി പരിശോധിച്ചപ്പോഴാണ് മെമ്മറി കാര്‍ഡ് നഷ്ടമായെന്നു മനസ്സിലായത്.
ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ പരാതി പ്രകാരം മെമ്മറി കാര്‍ഡ് നഷ്ടമായത് ഒന്നിനു പുലര്‍ച്ചെ ഒന്നിനും രാവിലെ 10നും ഇടയില്‍ ബസ് തമ്പാനൂര്‍ ഡിപ്പോയിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ്. മേയറും സംഘവും ബസ് തടഞ്ഞ ഏപ്രില്‍ 27ന് പുറപ്പെടുമ്പോള്‍ മുതല്‍ ബസിലെ ഡിസ്‌പ്ലേയില്‍ ക്യാമറാ ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്നും അതില്‍ റെക്കോര്‍ഡിങ് നടക്കുന്നതിന്റെ അടയാളം കാണിച്ചിരുന്നെന്നും ഡ്രൈവര്‍ യദു വെളിപ്പെടുത്തിയിരുന്നു.
ഡ്രൈവര്‍ എല്‍.എച്ച്.യദു മന്ത്രി കെ.ബി.ഗണേഷ് കുമാറിനു പരാതി നല്‍കി. സംഭവം വിശദമായി അന്വേഷിക്കണമെന്നും ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തരുതെന്നും ആവശ്യപ്പെട്ടു യദു മന്ത്രിയെ കാണുകയും ചെയ്തു.
കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ജോലി തടസ്സപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്എച്ച്ഒയ്‌ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: