ലഖ്നൗ: രാജ്യത്തിന്റെ ബദ്ധശത്രുക്കളുമായി കോണ്‍ഗ്രസ് ബന്ധം പുലര്‍ത്തുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുലിനെ പിന്തുണച്ച് മുന്‍ പാകിസ്ഥാന് മന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഫവാദ് ചൗധരി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയശേഷം ഭാരതത്തില്‍ വികസനമാണ്. ഇതില്ലാതാക്കി രാജ്യത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് പാകിസ്ഥാന് നടത്തുന്നത്.
രാജ്യം മുഴുവന്‍ ഇന്ന് പ്രധാനമന്ത്രിക്കൊപ്പം നിന്ന് വികസനത്തെ പിന്തുണയ്ക്കുന്നു. ഈ ഐക്യം ഇല്ലാതാക്കി പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ശത്രു രാജ്യത്തിന്റെ നീക്കം. പരസ്യമായി രാഹുലിനെ പിന്തുണച്ചുകൊണ്ട് എത്ര നാണംകെട്ട കളികളാണ് അവര്‍ നടത്തുന്നത്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കോണ്‍ഗ്രസിന്റെ കൈ രാജ്യത്തിന്റെ ശത്രുക്കള്‍ക്കൊപ്പമാണ്. പുല്‍വാമ ഭീകരാക്രമണത്തിന് കാരണക്കാരാണ് പാകിസ്ഥാന്. ഇക്കാര്യം വിസ്മരിക്കരുത്.
സ്വാര്‍ത്ഥമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. വോട്ട് കിട്ടുന്നതിന് രാജ്യത്തെ വിഭജിക്കാനും അവര്‍ക്ക് മടിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ഭീകരവാദം, നക്സല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ടു.
വിവിധ സമുദായങ്ങള്‍ക്കുള്ളില്‍ അഭിപ്രായ ഭിന്നത സൃഷ്ടിച്ച് മുസ്ലിങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനായാണ് രാജ്യത്ത് ജാതി സര്‍വേ നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്. മത അടിസ്ഥാനത്തിലുള്ള സംവരണമാണ് മുമ്പ് വിഭജനത്തിലേക്ക് നയിച്ചത്. യുപിയിലെ കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സഖ്യത്തിന് രാജ്യത്തെ വിഭജിക്കാനാണോ താത്പര്യം. ജാതി സെന്‍സസ് നടപ്പാക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്നുണ്ട് എന്തിനാണത്. പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്കും പട്ടികജാതിക്കാര്‍ക്കും പകരം മുസ്ലിങ്ങള്‍ക്ക് മാത്രമായി സംവരണം കൊടുക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
മത അടിസ്ഥാനത്തില്‍ സംവരണം കൊണ്ടുവന്ന് രാജ്യത്ത് താലിബാന് ഭരണം നടപ്പാക്കാനാണ്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ കാലത്ത് ഹിന്ദുക്കള്‍ക്ക് മേല്‍ ചുമത്തിയിരുന്ന ജസിയ നികുതി പോലെ വീണ്ടും നികുതി ചുമത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് നിലവിലുള്ള സംവരണം അട്ടിമറിച്ച് ഭാരതത്തെ അടിമത്തത്തിലേക്ക് വലിച്ചിഴക്കാനുള്ള എസ്പി- കോണ്‍ഗ്രസ് സഖ്യത്തിന്റെ ഗൂഢാലോചനയാണിത്, യോഗി പറഞ്ഞു.
2019ല്‍ അമേഠിയിലെ ജനങ്ങള്‍ രാഹുലിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി പാഠം പഠിപ്പിച്ചു. ഇനി റായ് ബറേലിക്കാണ് അവസരം, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന വേളയില്‍ അത് മനസിലാകും. അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: