കോഴിക്കോട്: റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയായതോടെ ഭാരത രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരുവാണ് താനെന്ന് രാഹുല്‍ ഗാന്ധി തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്.
കഴിഞ്ഞ തവണ യുപിയില്‍ വിജയിച്ച ഏക സീറ്റായ റായ്ബറേലിയില്‍ മത്സരിക്കുന്നതോടെ അദ്ദേഹം ആരാണെന്ന് എല്ലാവര്ക്കും ബോധ്യമായി. അമേഠിയിലാണ് മത്സരിച്ചിരുന്നതെങ്കില്‍ സ്വന്തം മണ്ഡലം തിരിച്ചുപിടിക്കാന്‍ വേണ്ടിയാണെന്നെങ്കിലും പറയാമായിരുന്നു. രാഹുല്‍ വയനാട്ടുകാരെയും കേരളത്തെയും വഞ്ചിക്കുകയാണെന്ന ബിജെപി ആരോപണം ശരിയായിയിരിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
വയനാട് സ്വന്തം കുടുംബമാണെന്ന് പറഞ്ഞ രാഹുല്‍ ഇപ്പോള്‍ കുടുംബത്തെ ചതിച്ചിരിക്കുകയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടാം മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ രാഹുല്‍ പതിവുപോലെ വയനാട്ടുകാരെ കബളിപ്പിച്ചു. വയനാട്ടിലെ വോട്ടെടുപ്പ് കഴിയുംവരെ ഉത്തരഭാരതത്തില്‍ മത്സരിക്കുന്ന കാര്യം അദ്ദേഹം മറച്ചുവെച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാഹുല്‍ വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന വഞ്ചന ഇപ്പോള്‍ പൂര്‍ണമായിരിക്കുകയാണ്. വയനാട്ടില്‍ രാഹുലിനെ പിന്തുണച്ച യുഡിഎഫുകാരെയും കോണ്‍ഗ്രസുകാരെയും അദ്ദേഹം പറ്റിച്ചിരിക്കുകയാണ്. മുസ്ലിംലീഗ് അദ്ധ്വാനിച്ചതിന്റെ കൂലി അവര്‍ക്ക് രാഹുല്‍ കൊടുത്തു കഴിഞ്ഞുവെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: