തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ െ്രെഡവര്‍ യദു ലൈംഗികാധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍ സുബിന്റെ മൊഴി. ഇന്നലെ കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് മൊഴി നല്‍കിയത്. മേയര്‍ സഞ്ചരിച്ച വാഹനത്തെ ഓവര്‍ ടേക്കിങ് ചെയ്തിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ലെന്നും മൊഴിയിലുണ്ട്.
അതേസമയം സുബിന് ഡ്രൈവറുടെ സീറ്റിന് സമീപമുള്ള കണ്ടക്ടര്‍ സീറ്റിലാണിരുന്നതെന്നാണ് വിവരം. എംഎല്‍എ ബസിലേക്ക് കയറുമ്പോള്‍ ഇരിക്കണം സഖാവേ എന്ന് പറഞ്ഞ് കണ്ടക്ടര്‍ എഴുന്നേറ്റ് മാറികൊടുക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.
താന്‍ നല്കിയ പരാതിയില്‍ കേസെടുക്കാത്തതിനെതിരെ ഡ്രൈവര്‍ യദു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കെഎസ്ആര്‍ടിസി ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ കാണാതായ സംഭവത്തില്‍ പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. ഒരു സ്ത്രീക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതി ലഭിച്ചിട്ടും വിവാദമായിട്ടും പ്രധാന തെളിവായ ബസിലെ സിസിടിവി അന്നുതന്നെ പരിശോധിക്കാത്തത് ഗുരുതര വീഴ്ചയാണ്. തമ്പാനൂരില്‍ ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്ത് സിസിടിവി ഇല്ലെന്നാണ് പോലീസിന്റെ ന്യായീകരണം. എംഎല്‍എ ഉള്‍പ്പെെടയാണ് ബസ് സ്റ്റാന്റിലേക്ക് എത്തിച്ചതെന്നും സൂചനയുണ്ട്. ക്യാമറ സ്ഥാപിച്ച കമ്പനിയോട് മെമ്മറികാര്‍ഡ് സംബന്ധിച്ച വിവരം പോലീസ് ആരാഞ്ഞിട്ടുണ്ട്.
അതിനിടെ, ഡ്രൈവര്‍ യദു മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി റോഷ്ന ആന്‍ റോയ് രംഗത്ത് എത്തി. റോഡ് യാത്രയ്ക്കിടെ ഇതേ ഡ്രൈവറില്‍ നിന്ന് തനിക്കും മോശം അനുഭവമുണ്ടായെന്നും എംവിഡിയോട് അന്ന് പരാതിപ്പെട്ടിരുന്നുവെന്നും റോഷ്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ബസിന്റെ ചിത്രവും ഫെയിസ് ബുക്ക് പോസ്റ്റിലുണ്ട്. എന്നാല്‍ നടി ആരോപിക്കുന്നപോലെ തര്‍ക്കം നടക്കുന്നതോ ബസ് നടുറോഡില്‍ നിര്ത്തിയിട്ടുള്ളതിന്റെയോ ചിത്രമല്ലെന്നും ബസില്‍ യാത്രക്കാരില്ലെന്നും ചിത്രത്തില്‍ നിന്നും വ്യക്തമാണെന്ന് നടിയുടെ പോസ്റ്റിനു കമന്റുമായി നിരവധി പേരാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: