ദുബായ് : യുഎഇയിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് 2023-ൽ 4,391 ട്രാഫിക് അപകടങ്ങളുണ്ടായതായി വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഇത് 3,945 ആയിരുന്നു. ഈ അപകടങ്ങൾ 352 മരണങ്ങൾക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം 343 ൽ നിന്ന് നേരിയ വർദ്ധനവാണുള്ളത്.
കഴിഞ്ഞ വർഷം 5,568 പേർക്ക് അപകടങ്ങളിൽ പരിക്കേറ്റു, മുൻ വർഷം ഇത് 5,045 ആയിരുന്നു. എന്നാൽ മരണസംഖ്യ എക്കാലത്തെയും താഴ്ന്ന നിലയിലാണ്, ഇത് അത്ഭുതകരമായ വാർത്തയാണ്, ”റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ തോമസ് എഡൽമാൻ പറഞ്ഞു.
എന്നിരുന്നാലും, അപകടങ്ങളുടെയും പരിക്കുകളുടെയും വർദ്ധനവ് ഭയാനകമാണ്, ഇത് റോഡ് സുരക്ഷയിൽ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെ സ്ഥിരീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അബുദാബിയിലെ അപകടങ്ങളിൽ 133 മരണങ്ങളും 1,850 പേർക്ക് പരിക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു. ദുബായിൽ 121 മരണങ്ങളും 2,607 പേർക്ക് പരിക്കേറ്റു. ഷാർജയിൽ കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ 34 പേർ മരിക്കുകയും 387 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
റാസൽഖൈമയിലെ റോഡുകളിൽ 30 അപകട മരണങ്ങളും 326 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉമ്മുൽ ഖുവൈനിൽ 16 വാഹനാപകട മരണങ്ങളും 63 പരിക്കുകളും അജ്മാനിൽ 11 അപകട മരണങ്ങളും 133 പരിക്കുകളും ഉണ്ടായപ്പോൾ ഫുജൈറയിൽ ഏഴ് റോഡപകട മരണങ്ങളും 202 പരിക്കുകളും ഉണ്ടായി.
70 ശതമാനത്തോളം റോഡപകട മരണങ്ങൾക്ക് കാരണമായത് അഞ്ച് കുറ്റകൃത്യങ്ങളാണ്. അശ്രദ്ധമായ ഡ്രൈവിംഗ്, പെട്ടെന്നുള്ള വ്യതിയാനം, ടെയിൽഗേറ്റിംഗ്, അശ്രദ്ധ, ലെയ്ൻ അച്ചടക്കത്തിന്റെ അഭാവം എന്നിവയായിരുന്നു അവ. 98 ശതമാനം അപകടങ്ങളും സംഭവിക്കുന്നത് നല്ല കാലാവസ്ഥയിലും വ്യക്തമായ റോഡ് സാഹചര്യങ്ങളിലുമാണ്. റോഡുകളിൽ കൂടുതൽ ശ്രദ്ധയും കരുതലും ഉള്ള പെരുമാറ്റം വാഹന ഉടമകൾ കാണിക്കണമെന്നും എഡൽമാൻ പറഞ്ഞു.
വലിയ അപകടങ്ങളിൽ 15 ശതമാനവും പുതിയ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. റോഡ് സുരക്ഷയെക്കുറിച്ചുള്ള ധാരണയിലെ സാംസ്കാരിക മാറ്റം നിർണായകമാണെന്ന് എമിറാത്തി ട്രാഫിക് സുരക്ഷാ ഗവേഷകനും എംഎ ട്രാഫിക് കൺസൾട്ടിങ്ങിന്റെ സ്ഥാപകനുമായ ഡോ മോസ്റ്റഫ അൽ ദഹ് വിശ്വസിക്കുന്നു. ചെറുപ്പം മുതലേ ട്രാഫിക് വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: