വാഷിങ്ടണ്‍: ഐക്യരാഷ്‌ട്ര സഭ പൊതുസഭയില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഭാരതം. എല്ലാ മേഖലകളിലും ഏറ്റവും സംശയാസ്പദമായ ട്രാക്ക് റിക്കാര്‍ഡ് സൂക്ഷിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി രുചിര കംബോജ്. ‘സമാധാനത്തിന്റെ സംസ്‌കാരം’ ചര്‍ച്ചയില്‍ ഭാരതത്തിനെതിരെ പരാമര്‍ശങ്ങളുന്നയിച്ച പാക് പ്രതിനിധിക്ക് മറുപടി നല്കുകയായിരുന്നു രുചിര.
കശ്മീര്‍, പൗരത്വ നിയമ ഭേദഗതി, അയോദ്ധ്യ ശ്രീരാമ ക്ഷേത്രം എന്നിവയെ ഉള്‍പ്പെടുത്തിയാണ് ഭാരതത്തിനെതിരെ പാക് പ്രതിനിധി മുനീര്‍ അക്രം പ്രസംഗിച്ചത്. ഇതിന് മറുപടി പറയുമ്പോഴാണ് രുചിര പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. വെല്ലുവിളി നിറഞ്ഞ ഈ സമയത്തും സമാധാനത്തിന്റെ സംസ്‌കാരം വളര്‍ത്താന്‍ ഭാരതം ശ്രമിക്കുന്നു, ക്രിയാത്മക സംഭാഷണത്തിലും ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. അതിനാല്‍, ഒരു പ്രത്യേക പ്രതിനിധി സംഘത്തില്‍ നിന്നുള്ള പരാമര്‍ശങ്ങളെ ഞങ്ങള്‍ മാറ്റി നിര്‍ത്തുകയാണ്. അവര്‍ക്ക് യോഗ്യതയില്ലാത്തതുകൊണ്ട് മാത്രമല്ല, അവരുടെ വിനാശകരമായ സ്വഭാവം ഒരുമിച്ചുള്ള ശ്രമങ്ങളെ തകര്‍ക്കുന്നു, രുചിര കൂട്ടിച്ചേര്‍ത്തു.
നമ്മുടെ ചര്‍ച്ചകളെ എപ്പോഴും നയിക്കേണ്ടത് ബഹുമാനവും നയതന്ത്രവുമാണ്. എല്ലാ വശങ്ങളിലും സംശയാസ്പദമായ ട്രാക്ക് റിക്കാര്‍ഡുള്ള ഒരു രാജ്യത്തില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നത് തെറ്റാണ്. എല്ലാ മതങ്ങളുടെയും കാതലായ സഹാനുഭൂതി, സഹവര്‍ത്തിത്തം എന്നിവയുടെയും സമാധാന സംസ്‌കാരത്തിന്റെയും നേര്‍ വിപരീതമാണ് ഭീകരവാദം. ഇത് ഭിന്നത വിതയ്‌ക്കുന്നു, ശത്രുത വളര്‍ത്തുന്നു.
ലോകമെമ്പാടുമുള്ള സാംസ്‌കാരികവും ധാര്‍മ്മികവുമായ പാരമ്പര്യങ്ങള്‍ക്ക് അടിവരയിടുന്ന ആദരവിന്റെയും ഐക്യത്തിന്റെയും സാര്‍വത്രിക മൂല്യങ്ങളെ തകര്‍ക്കുന്നു. ഭാരതം ശക്തമായി വിശ്വസിക്കുന്നതു പോലെ, സമാധാനത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരം പരിപോഷിപ്പിക്കുന്നതിനും ലോകത്തെ ഒരു ഏകീകൃത കുടുംബമായി കാണുന്നതിനും അംഗരാജ്യങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്.
മതത്തിന്റെ പേരിലുള്ള അസഹിഷ്ണുതയും വിവേചനവും അക്രമവും യുഎന്നിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു. പള്ളികള്‍, ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, ഗുരുദ്വാരകള്‍, മോസ്‌കുകള്‍, സിനഗോഗുകള്‍ എന്നിവയുള്‍പ്പെടെയുള്ള പുണ്യസ്ഥലങ്ങളില്‍ വര്‍ധിക്കുന്ന ആക്രമണങ്ങളില്‍ ഭാരതത്തിന് ആശങ്കയുണ്ട്. ഇവയോട് ആഗോള സമൂഹത്തില്‍ നിന്ന് ഏകീകൃതവും വേഗത്തിലുള്ളതുമായ പ്രതികരണം ആവശ്യമാണ്. മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തം സമാധാനത്തിനായുള്ള ഭാരതത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാന ശിലയായി തുടരുന്നുവെന്നും രുചിര കംബോജ് കൂട്ടിച്ചേര്‍ത്തു.
ഭാരതം ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതങ്ങളുടെ മാത്രം ജന്മസ്ഥലമല്ല. മുസ്ലിം, ജൂത, ക്രിസ്ത്യന്‍ മതങ്ങളുടെയും ശക്തികേന്ദ്രമാണ്. പീഡിപ്പിക്കപ്പെടുന്നവരുടെ ഒരു അഭയ കേന്ദ്രമാണ്. ഭാഷകളുടെയും മതങ്ങളുടെയും വൈവിധ്യങ്ങള്‍ക്കൊപ്പം ഭാരത സംസ്‌കാരം സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും സാക്ഷ്യമാണ്. ദീപാവലി, ഈദ്, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ക്കിടയില്‍ മതത്തിന്റെ അതിര്‍വരമ്പുകളെ ഇല്ലാതാക്കുന്നുവെന്നും രുചിര കംബോജ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: