ഹനോയ്: ഭക്ഷ്യ വിഷബാധയേറ്റ് വിയറ്റ്നാമില്‍ 487 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിയറ്റ്നാമിലെ തെക്കന്‍ പ്രവിശ്യയായ ഡോങ് നായിയിലെ ഭക്ഷണശാലയില്‍ നിന്ന് റൊട്ടി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ബാംഗിലെ ലോങ് ഖാന് പട്ടണത്തിലെ ട്രാന് ക്വാങ് ദിയു സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഭക്ഷണശാലയില്‍ നിന്ന് ഏപ്രില്‍ 30 ന് 1,100 റൊട്ടിയാണ് വിറ്റുപോയത്. അടുത്തദിവസം ഉപഭോക്താക്കളില്‍ പലര്‍ക്കും ഛര്‍ദ്ദി, വയറിളക്കം, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണത്തിനായി ഭക്ഷണശാലയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.
സംഭവത്തില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നും 19 പേര് ആശുപത്രിവിട്ടതായും ബാക്കിയുള്ളവര്‍ ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടെ സുഖം പ്രാപിച്ചുവരുന്നതായി സിന്‍ഹുവ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് വിയറ്റ്നാമിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഭക്ഷ്യസുരക്ഷാ വിഭാഗം അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: