ആലപ്പുഴ: എല്‍ഡിഎഫ് ഭരിക്കുന്ന കുട്ടനാട് രാമങ്കരി പഞ്ചായത്തില്‍ സിപിഎം അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. രാജേന്ദ്രകുമാറിനും വൈസ് പ്രസിഡന്റ് കുഞ്ഞുമോള്‍ ശിവദാസിനും എതിരെയാണ് നോട്ടീസ് നല്‍കിയത്.
യുഡിഎഫിന്റെ നാല് മെമ്പര്‍മാര്‍ക്കൊപ്പം സിപിഎമ്മിന്റെ മൂന്ന് മെമ്പര്‍മാരും ചേര്‍ന്നാണ് നോട്ടീസ് നല്‍കിയത്. ആര്. രാജുമോന്, ഡെന്നി സേവ്യര്‍, സോളി ആന്റണി, ഷീന റെജപ്പന്‍ എന്നീ യുഡിഎഫ് അംഗങ്ങളും കെ.പി. അജയഘോഷ്, സൂര്യ ജിജിമോന്, ബിന്‍സ് ജോസഫ് എന്നീ സിപിഎം അംഗങ്ങളും ആണ് നോട്ടീസില്‍ ഒപ്പിട്ടത്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം
സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ നിരവധി കൊഴിഞ്ഞുപോക്കുകള്‍ക്ക് തുടക്കം കുറിച്ചത് രാമങ്കരിയിലാണ്. ഭിന്നതയെ തുടര്‍ന്ന് മുന്നൂറോളം പേര് കുട്ടനാട്ടില്‍ സിപിഎം വിട്ട് സിപിഐയുടെ ഭാഗമായിരുന്നു. സിപിഎം ടിക്കറ്റില്‍ വിജയിച്ച പഞ്ചായത്ത് പ്രസിഡന്റ് ആര്. രാജേന്ദ്രകുമാറാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. രാജേന്ദ്ര കുമാറിനെ താഴെയിറക്കുമെന്ന് അന്നേ സിപിഎം. പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ഈ നീക്കത്തിന് ലഭിച്ചില്ല. കുറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡന്റ് സ്ഥാനത്തുനിന്നും പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തുനിന്നും മാറേണ്ടിവരും എന്ന നിയമോപദേശം കിട്ടിയതിനാല്‍ രാജേന്ദ്രകുമാര്‍ ഔദ്യോഗികമായി സിപിഐയുടെ അംഗത്വം എടുത്തിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎമ്മിലെ ഒരു വിഭാഗം നടത്തിയ ഈ നീക്കം കുട്ടനാട്ടില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറിക്ക് ഇടയാക്കും. സിപിഐ മത്സരിച്ച മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയോജക മണ്ഡലമാണ് കുട്ടനാട്. ഇവിടെ സിപിഎമ്മും കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷുമായി ഒത്തുകളി ഉണ്ടെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഎം നിലപാട് കൂടുതല്‍ വിവാദത്തിലായിരിക്കുകയാണ്.
രാമങ്കരി പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനും കൊടുകാര്യസ്ഥതക്കുമെതിരെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം. രാമങ്കരി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചു നീക്കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിര്‍മിക്കുവാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: