കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കീഴ് താടിക്കും പരുക്കുണ്ട്.
മുറിക്കുള്ളില്‍ വെച്ചാണോ റോഡില്‍ വീണതിനെ തുടര്‍ന്നാണോ മരണ കാരണമായ പരിക്ക് തലയോട്ടിക്ക് ഉണ്ടായതെന്ന് പൊലീസ് പരിശോധിക്കുകയാണ്. കുഞ്ഞിന്റെ ശരീരത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ആരോഗ്യ നില തൃപ്തികരമായ ശേഷം യുവതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. യുവതിയുടെ മൊഴി എതിരായാല്‍ മാത്രം സുഹൃത്തായിരുന്ന ആള്‍ക്കെതിരെ അന്വേഷണം നടത്തും.
അതിനിടെ നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. കൊച്ചി സിറ്റി പോലീസ് മേധാവിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു.
‘മനസിനെ വല്ലാതെ ഉലയ്‌ക്കുന്ന സംഭവമാണിത്. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ തെരുവിലേക്ക് വലിച്ചെറിയുകയോ കൊല്ലുകയോ ചെയ്യരുത്. അവരെ സംരക്ഷിക്കാന്‍ അമ്മത്തൊട്ടില്‍, ചില്‍ഡ്രന്‍സ് ഹോം ഉള്‍പ്പെടെ അനവധി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ട്. അവര്‍ അവിടെ സുരക്ഷിതരായി വളരും.’ കെ.വി മനോജ് കുമാര്‍ പറഞ്ഞു. നവജാത ശിശു കൊല്ലപ്പെട്ട എറണാകുളം പനമ്പള്ളി നഗറിലെ ഫ്ളാറ്റും പരിസരവും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കൊച്ചി നഗരത്തെയാകെ ഞെട്ടിച്ച സംഭവം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: