ക്ഷേത്ര സങ്കല്‍പ്പത്തെ വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കാം. ഒന്ന് താന്ത്രികം. മറ്റൊന്ന് സാമൂഹികം. ആചാരാനുഷ്ഠാനങ്ങള്‍ താന്ത്രിക വിധികളെ അടിസ്ഥാനപ്പെടുത്തിയതാണ്. ആദിമ മനുഷ്യന്റെ സാംസ്കാരിക വളര്‍ച്ചയ്ക്കൊപ്പം സഹസ്രാബ്ദങ്ങളിലൂടെ സംസ്കരിക്കപ്പെട്ടു രൂപം പ്രാപിച്ചതാണ് ഇന്നത്തെ ക്ഷേത്രങ്ങള്‍ എന്നത് സാമൂഹിക പ്രസക്തിയുള്ള മറ്റൊരു സങ്കല്‍പ്പം. പില്ക്കാലത്ത് ആചാരാനുഷ്ഠാനങ്ങള്‍ക്കായി ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണ് താന്ത്രിക വിധികള്‍. അതിന് ഒന്നര സഹസ്രാബ്ദത്തോളം പഴക്കമുണ്ട്.
കലിയുഗത്തില്‍ യജ്ഞങ്ങള്‍ക്ക് പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെട്ടുവത്രേ. അനുഷ്ഠാനങ്ങള്‍ക്കായി പിന്നീട് മനുഷ്യന് രൂപപ്പെടുത്തിയതാണ് ക്ഷേത്രങ്ങള്‍. ആദിമമനുഷ്യന്റെ യജ്ഞശാലയുടെ ഘടനതന്നെയാണ് ഇന്ന് ക്ഷേത്രങ്ങള്‍ക്കുള്ളത്. മനുഷ്യന്റെ സാംസ്കാരികവും സാമൂഹികവുമായ ജീവിതവുമായി അത് ഏറെ ബന്ധപ്പെട്ടു നില്ക്കുന്നു. കൊടിമരത്തിനും ബലിക്കല്ലിനും മറ്റും മനുഷ്യമനസ്സുമായി ഏറെ ബന്ധമുണ്ടുതാനും.
അല്ലലില്ലാത്ത മനസ്സ് എന്നതു ഭാഗ്യം തന്നെയാണ്. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന്റെ നിദാനവും കലങ്ങാത്ത മനസ്സു തന്നെ. അത്തരം മനസ്സിന്റെ ഉടമ കര്‍മ്മമണ്ഡലത്തില്‍ ഇരട്ടി വിജയം നേടുമെന്ന് ആധുനിക മാനേജ്മെന്റ് പഠനങ്ങള്‍ സമ്മതിക്കുന്നു. എന്നാല്‍, യുഗങ്ങള്‍ക്കു മുന്‍പുതന്നെ ഇതു കണ്ടറിഞ്ഞവരാണ് നമ്മുടെ പൂര്‍വികര്‍. അതുകൊണ്ടാണ് ക്ഷേത്ര ദര്‍ശനത്തിനുശേഷം വേണം പ്രവൃത്തി മണ്ഡലത്തിലിറങ്ങാനെന്ന് നിഷ്കര്‍ഷിച്ചത്. അതുവഴി, ആരോഗ്യപൂര്‍ണമായ സമൂഹത്തെ അവര്‍ മനസ്സില്‍ കണ്ടിരിക്കാം. ആരോഗ്യമുള്ള സമൂഹം ഉണ്ടാവണമെങ്കില്‍ ആരോഗ്യമുള്ള വ്യക്തികള്‍ ഉണ്ടാകണമല്ലോ. അതിനു മനസ്സും ശരീരവും ശുദ്ധമാകണം. ശരീര ശുദ്ധിക്കു പുലര്‍കാല സ്നാനം. മനസ്സിന്റെ ശുദ്ധിക്കു ക്ഷേത്രദര്‍ശനം.
ക്ഷേത്രനടയില്‍, കൊടിമരത്തിനു ചുവട്ടില്‍ നില്ക്കുമ്പോള് ഓര്‍ക്കുക, നമ്മളിലെ ‘അഹം’ ആണ് ആ ഉയര്‍ന്നു നില്‍ക്കുന്നത്. നാമറിയാതെ നമ്മില്‍ നിറഞ്ഞിരിക്കുന്ന ഞാനെന്ന ഭാവം. യാഗത്തില്‍ ബലിമൃഗത്തെ കെട്ടിയിരുന്ന ‘യൂപം’ എന്ന തൂണിന്റെ സ്ഥാനത്താണ് ഇന്നു കൊടിമരം. ആ മൃഗത്തേപ്പോലെ തന്നെയാണ് നമ്മളും. അടുത്ത നിമിഷം വരാന്‍ പോകുന്നതിനേക്കുറിച്ച് ഒന്നും അറിയുന്നില്ലല്ലോ.
കൊടിമരം കടന്ന് ക്ഷേത്രത്തിനകത്തേക്കു പ്രവേശിച്ചാല്‍ ചെല്ലുന്നത് വലിയ ബലിക്കല്ലിനു മുന്നിലാണ്. യാഗത്തില്‍ മൃഗബലിക്കുശേഷം അതിന്റെ ‘വപ’ ഹോമിക്കുന്ന ‘ചിതി’ എന്ന ഹോമകുണ്ഡത്തിന്റെ സ്ഥാനം. ഇന്നു മൃഗബലിയില്ല; പക്ഷേ, ബലി നടക്കുന്നുണ്ട്. ബലിക്കല്ലിനു മുന്നിലെത്തുന്നവര്‍ ഉള്ളിലെ അഹംഭാവത്തെ അവിടെ ബലികഴിക്കുന്നു എന്നാണ് സങ്കല്പം. ബലിക്കല്ലിനെ കടന്നു പോകുന്നതോടെ എല്ലാവരും തുല്യരാകും. പിന്നെ വലിയവരില്ല; ചെറിയവരില്ല. അഹം കുറയുമ്പോള്‍ മനസ്സിന്റെ ഭാരം കുറയും. അലട്ടുന്ന പ്രശ്നങ്ങള്‍ മനസ്സില്‍ നിന്നു വിട്ടൊഴിയും.
ബലിക്കല്ലും വലിയമ്പലവും(യാഗത്തിലെ ഹവിര്‍ധാനം) കടന്നുചെല്ലുന്നത് മണ്ഡപത്തിനു മുന്നിലാണ്. യാഗശാലയില്‍ വേദങ്ങളില്‍ നിന്നുള്ള ശസ്ത്ര, സ്തുതികള്ക്കായുള്ള സദസ്സിന്റെ സ്ഥാനം. ക്ഷേത്രങ്ങളില്‍ ഇന്നും ജപങ്ങള്‍ മണ്ഡപത്തില്‍ ഇരുന്നാണല്ലോ പതിവ്. മണ്ഡപത്തിനപ്പുറം ശ്രീകോവില്‍. യാഗത്തില്‍ യജ്ഞപുരുഷന്റെ സ്ഥാനമായ അഗ്നിഹോത്ര ശാലയുടെ സ്ഥാനമാണ് ശ്രീകോവിലിന്. ക്ഷേത്രങ്ങളില്‍ ആ സ്ഥാനത്ത് ആരാധനാമൂര്‍ത്തികള്‍ കുടികൊള്ളുന്നു. അവിടെ സോപാനത്തിനുമുന്നില് നിന്ന് ഇരുകൈകളും ചേര്‍ത്തുകൂപ്പി ധ്യാനിക്കുമ്പോള്‍ സ്വയം സമര്‍പ്പണമാണു നടക്കുന്നത്. മനസ്സു പൂര്‍ണമായും സ്വതന്ത്രവും ശൂന്യവുമാകും. ഉള്ളിലുള്ളതെല്ലാം സമര്പ്പിച്ചുകഴിഞ്ഞല്ലോ. ആ പരിപൂര്‍ണ സമര്‍പ്പണം ഏറ്റവും വലിയ ഈശ്വരസേവ തന്നെ. ഇഹവും പരവും ഒന്നിക്കുന്ന നിമിഷം. അതിന്റെ സന്ദേശമാണ് പരസ്പരം കൂടിച്ചേരുന്ന നമ്മുടെ കൈപ്പത്തികള്‍.
പുലര്‍ച്ചെ ക്ഷേത്രത്തില്‍നിന്ന് ഉയരുന്ന ശംഖനാദം ഈ ആത്മ സമര്‍പ്പണത്തിന്റെ കാഹളമത്രേ! പൊള്ളയായ ശംഖില്‍ നിന്നേ മംഗളധ്വനി ഉയരുകയുള്ളൂ. സ്വയം ഇല്ലാതായി മറ്റുള്ളവരെ തുയിലുണര്‍ത്തുകയാണ് ശംഖ്. ഇപ്പോള്‍ ആ ശംഖിനേപ്പോലെ നമ്മളും. ക്ഷേത്രത്തിനു പുറത്തേക്കു വരുമ്പോള്‍ മനസ്സും ശരീരവും ശുദ്ധമായിക്കഴിഞ്ഞു. ഇനി കര്‍മ്മ മണ്ഡലത്തിലേക്കിറങ്ങാം.
ക്ഷേത്രാചാരങ്ങള്‍ക്കു പൊതു സ്വഭാവമുണ്ടെങ്കിലും ഓരോരോ പ്രതിഷ്ഠയ്ക്കും അനുസരിച്ച് ചെറിയ വ്യത്യാസങ്ങളുണ്ടാകും. അതിന്റെ ഭാഗമായാണ് ശിവക്ഷേത്രത്തില്‍ പൂര്‍ണ പ്രദക്ഷിണം ഒഴിവാക്കുന്നത്. പ്രദക്ഷിണത്തിന്റെ എണ്ണത്തിനു തന്നെയുണ്ട് കണക്ക്. ശിവനു പ്രദക്ഷിണം മൂന്നാണ്. പ്രദക്ഷിണത്തിന്റെ മറ്റു കണക്കുകള്‍ ഇങ്ങനെ: ഗണപതിക്ക് ഒന്ന്, സൂര്യനു രണ്ട്, ഭഗവതിക്കു മൂന്ന്, വിഷ്ണുവിന് നാല്, സുബ്രഹ്മണ്യന് ആറ്, ആല് മരത്തിന് ഏഴ്.
ക്ഷേത്ര പ്രതിഷ്ഠകളില്‍ ഷോഡശ ക്രിയകള്‍ (16 ക്രിയകള്‍) മുഴുവന്‍ അനുഷ്ഠിക്കുന്നത് ശിവനുമാത്രമാണ്. അതുകൊണ്ട്തന്നെ ശിവന്റെ സ്ഥാനം സഹസ്രാര പത്മത്തില്‍ എന്നാണ് സങ്കല്പം. അവിടെ നിന്നൊഴുകുന്ന ജ്ഞാനാമൃതം അഥവാ ജ്ഞാന ഗംഗയാണ് ഓവിലൂടെ വരുന്നത്. അതിനപ്പുറം മോക്ഷം. ബ്രഹ്മപദത്തിലാണ് ശിവന്റെ സ്ഥാനം. മറ്റുള്ളവര്‍ ദേവപദത്തിലും. ഗര്‍ഭഗൃഹത്തിന്റെ ഒത്ത മധ്യത്തിലാണ് ശിവപ്രതിഷ്ഠ. ശിവനു പൂര്‍ണപ്രദക്ഷിണം പാടില്ലെന്ന വിശ്വാസത്തിനു പിന്നിലും ഈ പ്രാധാന്യം തന്നെ. സോമരേഖ മുറിയാതെയും ഓവു മുറിച്ചുകടക്കാതെയും വേണം പ്രദക്ഷിണം. ശ്രീകോവിലിനു മുന്നില്‍നിന്നു തൊഴുതു പ്രാര്‍ത്ഥിച്ച ശേഷം ഇടത്തേക്കുനടന്ന് ഓവുവരെ പ്രദക്ഷിണം. ശ്രീകോവിലിനു പുറത്തെ ബലിക്കല്ലുകള്‍ക്കു വെളിയിലൂടെ വേണം പ്രദക്ഷിണം. ശിവക്ഷേത്രങ്ങളില്‍ ഗണപതി, വീരഭദ്രന്, സപ്തമാതൃക്കള്‍ തുടങ്ങിയവരാണ് ബലിവട്ടത്തില്‍ ഉണ്ടാവുക. ഓവിനടുത്തെത്തിയശേഷം അപ്രദിക്ഷിണമായി തിരിച്ചു നടയില്‍ വരുക. പിന്നെ തൊഴുതു വലത്തോട്ട് നടന്ന് ഓവിനടുത്തെത്തിയാല്‍ ശ്രീകോവിലിനു നേരെ തിരിഞ്ഞ് താഴികക്കുടത്തെ വന്ദിച്ച് തലയ്ക്കു മുകളില്‍ കൈകള്‍ കൂട്ടികൊട്ടണം. താഴികക്കുടത്തില്‍ നിന്ന് പ്രസരിക്കുന്ന ചൈതന്യം നമ്മിലേക്ക് സ്വീകരിക്കാനാണിത്. വീണ്ടും തിരിഞ്ഞു നടന്നു തിരുനടയിലെത്തി വന്ദിക്കുക. ഇത്രയുമായാലാണ് ഒരു പ്രദക്ഷിണം
പൂര്‍ത്തിയാകുന്നത്. ഈ രീതിയില്‍ മൂന്നു പ്രദക്ഷിണമാണ് കണക്ക്.
-ശ്രീ
പ്രതികരിക്കാൻ ഇവിടെ എഴുതുക: