ന്യൂദല്‍ഹി: ഏകസിവില്‍ കോഡ് അനുസരിച്ചുള്ള ആനുകൂല്യം കിട്ടണമെന്നും തന്റെ ജീവിതത്തില്‍ ശരിയത്ത് നിയമം വേണ്ടെന്നും വാദിച്ച് കേരളത്തിലെ ആലപ്പുഴയില്‍ നിന്നുള്ള മുസ്ലിം യുവതി സഫിയ സുപ്രീംകോടതിയില്‍. തന്റെ ഏകമകള്‍ക്ക് മുഴുവന്‍ സ്വത്തും ലഭിക്കണമെന്നും ഇക്കാര്യത്തില്‍ ശരിയത്ത് നിയമം തനിക്ക് ആവശ്യമില്ലെന്നും സഫിയ വാദിക്കുന്നു.
ഇസ്ലാമില്‍ വിശ്വാസമില്ലെങ്കിലും ശരിയത്ത് നിയമങ്ങള്‍ വരിഞ്ഞുമുറുക്കുന്നതാണ് സഫിയയുടെ പ്രശ്നം. ശരിയത്ത് നിയമപ്രകാരം ഒരു പെണ്‍കുട്ടി മാത്രമാകുമ്പോള്‍ ഉമ്മയായ സഫിയയുടെ സ്വത്തിന്റെ പകുതി മാത്രമേ മകള്‍ക്ക് കിട്ടൂ. ബാക്കി പാതി സഫിയയുടെ സഹോദരന് പോകും. ഇത് ഒഴിവാക്കി ശരിയത്തല്ലാതെ, ഏക സിവില്‍ നിയമപ്രകാരം തന്റെ മുഴുവന്‍ സ്വത്തിന്റെയും അവകാശം മകള്‍ക്ക് കിട്ടണമെന്നാണ് ആവശ്യം. തന്നെ അവിശ്വാസിയായി പ്രഖ്യാപിക്കണമെന്നും സഫിയ സുപ്രീംകോടതിയോട് ആവശ്യപ്പെടുന്നു. അവിശ്വാസിയായി കോടതി പ്രഖ്യാപിച്ചാല്‍ മാത്രമേ 1925ലെ മതേതര ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശപ്രകാരം സഫിയയുടെ മകള്‍ക്ക് മുഴുവന്‍ സ്വത്തും ലഭിക്കൂ.
“ഞാന്‍ ഇസ്ലാം വിട്ടു. കാരണം ഈ മതത്തിലെ നിയമങ്ങളും ചട്ടങ്ങളും സ്ത്രീകള്‍ക്കെതിരാണ്. ഇസ്ലാം വിട്ടിട്ടും എന്റെ മകളുടെ സ്വത്ത് എനിക്ക് കൈമാറാന്‍ സാധിക്കുന്നില്ല. ഇസ്ലാം മതം ഇപ്പോഴും എനിക്ക് മാര്‍ഗ്ഗതടസ്സമായി നില്‍ക്കുന്നു”- അവര്‍ പറഞ്ഞു. മുസ്ലിം വ്യക്തിനിയമ (ശരിയത്ത്) പ്രാകരം ഒരു സ്ത്രീക്ക് സ്വത്തിലേ മൂന്നില്‍ ഒന്ന് മാത്രമേ അവകാശപ്പെടാനാകൂ. ഏക മകളാണെങ്കില്‍ മാത്രം അവള്‍ക്ക് 50 ശതമാനം വരെ സ്വത്ത് കിട്ടും.
മുസ്ലിം വിട്ടവരുടെ (എക്സ് മുസ്ലിംസ്) എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് സഫിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: