വര്‍ക്കല: ടൂറിസം കേന്ദ്രമായ പാപനാശത്തെ തെരുവ് വിളക്കുകള്‍ കത്താതായതോടെ തീരം കൂരിരുട്ടിലായി. വര്‍ക്കല ക്ഷേത്രം മുതല്‍ പാപനാശം തീരം വരെയും തീരത്തു നിന്നും ഹെലിപ്പാട് കുന്നിന് മുകളിലേക്കും വെളിച്ചം എത്തിക്കുന്നതിനായി ടൂറിസം വകുപ്പ് നടപ്പിലാക്കിയ പദ്ധതിയും കാലഹരണപ്പെട്ടു. സൂര്യന് അസ്തമിച്ചാല് പ്രദേശം ഇരുട്ടിലാകും.
50 ഓളം ഇരുമ്പ് പോസ്റ്റുകളാണ് പ്രത്യക പദ്ധതിയായി 6 വര്‍ഷം മുന്‍പ് ടൂറിസം വകുപ്പ് നടപ്പിലാക്കിയത്. ഇവയില്‍ ചിലതൊക്കെ അടുത്ത കാലം വരെ പ്രകാശിച്ചിരുന്നു. ഇപ്പോള്‍ ഒന്ന് പോലും പ്രവര്‍ത്തിക്കുന്നില്ല. ഉപ്പ് കാറ്റേറ്റ് ഇരുമ്പ് തൂണുകള്‍ തുരുമ്പിച്ചു നശിച്ചു. കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി പോസ്റ്റുകള്‍ സംരക്ഷിക്കാന്‍ ശ്രമമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ലക്ഷങ്ങളാണ് ഈ പദ്ധതിക്കായി ചെലവഴിച്ചത്. ഇരുമ്പ് തൂണുകള്‍ പെട്ടെന്ന് നശിക്കുമെന്നുള്ള നാട്ടുകാരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്ക് എടുക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ലെന്നും ആരോപണം ഉണ്ട്. തുരുമ്പിച്ച തൂണുകളില്‍ പലതും നിലം പൊത്തി. ശേഷിക്കുന്നവ ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലും.
ഫ്യൂസായ ബള്‍ബുകള്‍ മാറ്റിയിട്ടാല്‍ ഉപയോഗിക്കാവുന്നിടത്തുപോലും അതിനുള്ള ശ്രമമില്ല. ഈ കൂരിരുട്ടിലേക്കാണ് അവധി ദിവസങ്ങളില്‍ സഞ്ചാരികള്‍ ഒഴുകി എത്തുന്നത്. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ ഇവിടം താവളമാക്കുന്നതായുള്ള പരാതിയും നിരവധിയാണ്. തീരത്തെ ഹൈമാസ്റ്റ് ലൈും പ്രവര്‍ത്തിക്കുന്നില്ല. പരാതിയുമായെത്തിയാല്‍ ശരിയാക്കാമെന്ന ഒഴുക്കന്‍ മറുപടിമാത്രമാണ് കെഎസ്ഇബി അധികൃതരില്‍ നിന്നുണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: