ന്യൂദല്‍ഹി: നാനൂറിലധികം സീറ്റുകളോടെ ബിജെപി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ഭരണഘടന പൊളിച്ചെഴുതുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണം പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരത്തിലുള്ള എന്തെങ്കിലും ചെയ്യാനാണെങ്കില്‍ അതിനുള്ള സാഹചര്യം ഇപ്പോഴും ബിജെപിക്കുണ്ടെന്നും ബിജെപിയുടെ രീതി അതല്ലെന്നും മോദി പറഞ്ഞു. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നിലവിലെ പാര്‍ലമെന്റില്‍ 360 നടുത്ത് സീറ്റുകള്‍ എന്‍ഡിഎയുടെ പക്കലുണ്ട്. അതിന് പുറമേ ബിജെഡി അടക്കമുള്ള പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടിയാവുമ്പോള്‍ നാനൂറിനടുത്ത് സീറ്റുകളുണ്ട്. പ്രതിപക്ഷം ജനങ്ങളെ പറഞ്ഞു ഭയപ്പെടുത്തുന്ന ആ കാര്യം ചെയ്യാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും ബിജെപിക്ക് സാധിക്കുമായിരുന്നു. പക്ഷേ അതല്ല ബിജെപിയുടെ ദൗത്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിന് നിയന്ത്രണം കൊണ്ടുവന്നയാളാണ്. കോണ്‍ഗ്രസാണ് പലവട്ടം ഭരണഘടനയെ അട്ടിമറിച്ചവര്‍. ഇത്രയും ഭരണഘടനാ സ്നേഹം പറയുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് കശ്മീരില്‍ നമ്മുടെ ഭരണഘടന നടപ്പാക്കാന്‍ ഇത്രയും കാലം തയാറായില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കിയ എന്റെ സര്‍ക്കാരാണ് ഭരണഘടനക്ക് വേണ്ട ഏറ്റവും വലിയ സേവനം ചെയ്തത്. നമ്മുടെ ഭരണഘടന രാജ്യത്തെ ജനങ്ങളെ അടുത്തറിയുന്ന മഹാന്മാര് നന്നായി പഠിച്ചു തയാറാക്കിയതാണ്. ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടാണ് അവരത് തയാറാക്കിയത്. ഭരണഘടന തയാറാക്കിയത് അക്ഷരങ്ങളിലൂടെ മാത്രമല്ല, ചിത്രങ്ങളിലൂടെ കൂടിയാണ്. ഭരണഘടനയുടെ പ്രാധാന്യം ബിജെപിക്ക് നന്നായറിയാം. മതപരമായ സംവരണം അംബേദ്ക്കര്‍ തയാറാക്കിയ ഭരണഘടനയ്ക്കെതിരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: