ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ നിരന്തരം ചികിത്സാ പിഴവുകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ സൂപ്രണ്ട് രാജിവച്ചു.
ഡോ. എ. അബ്ദുള്‍ സലാമാണ് രാജിവച്ചത്. ഏറെ നാളായി രാജി സന്നദ്ധത അറിയിച്ചിരുന്ന സൂപ്രണ്ട് കഴിഞ്ഞ ദിവസം ചികിത്സാപ്പിഴവ് കാരണം ഷിബിന എന്ന യുവതി മരണമടഞ്ഞതോടെയാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. കഴിഞ്ഞ കുറേ നാളായി ഭരണ പരാജയം മൂലം നിരവധി വിവാദങ്ങളും ആശുപത്രിയിലുണ്ടായിരുന്നു. എന്നാല്‍ പകരം ചുമതലയേല്‍ക്കാന്‍ ആരും തയാറാകാത്തതിനാല്‍ സൂപ്രണ്ട് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടും സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇപ്പോള്‍ യുവതിയുടെ വിവാദ മരണത്തെത്തുടര്‍ന്നാണ് അബ്ദുള്‍ സലാം സൂപ്രണ്ട് തസ്തികയില്‍ നിന്ന് രാജി വച്ചത്.
പ്രസവ ശേഷം അണുബാധയുണ്ടായാണ് അമ്പലപ്പുഴ കരൂര്‍ സ്വദേശി ഷിബിന ആണ് മരിച്ചത്. ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയാണ് മരണകാരണം എന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്കി. കഴിഞ്ഞ മാര്‍ച്ച് 26നാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഷിബിനയുടെ പ്രസവം നടന്നത്. പ്രസവശേഷം ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇവരെ ഡിസ്ചാര്‍ജ് ചെയ്ത് പറഞ്ഞയക്കുകയായിരുന്നു എന്ന് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു.
മാര്‍ച്ച് 30ന് കടുത്ത ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വീണ്ടും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രസവ ചികിത്സക്ക് ശേഷം മാരക അണുബാധ നിലനില്‍ക്കെയാണ് ഷിബിനയെ ഡിസ്ചാര്‍ജ് ചെയ്തതെന്നും പരാതിയില്‍ ബന്ധുക്കള്‍ ആരോപിച്ചു. ഒരു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ഷിബിന കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. ഡിവൈഎഫ്ഐ പോലും പ്രതിഷേധവുമായി രംഗത്തെത്തി. ചികിത്സാ പിഴവില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: