ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വിജയം ഉറപ്പെന്ന് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന എംപിയുമായ മനേക ഗാന്ധി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. സുല്‍ത്താന്‍പൂരില്‍ നിന്ന് ഇത് രണ്ടാം തവണ യാണ് മനേക ജനവിധി തേടുന്നത്. കഴിഞ്ഞ തവണത്തെക്കാള്‍ ഇത്തവണ വിജയം എളുപ്പമാകുമെന്ന് അവര്‍ പറഞ്ഞു. പ്രതിപക്ഷം അത്ര ശക്തരല്ല. അവര്‍ക്ക് ഐക്യവുമില്ല. അതിനാല്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന പോലെയുള്ള വലിയ വെല്ലുവിളി ഇത്തവണയില്ല. ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന പ്രതിപക്ഷത്തിന്റെ പ്രചരണം പച്ചക്കള്ളമാണെന്നും അവര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് മന്ത്രിമാരായ സഞ്ജയ് നിഷാദ്, ആശിഷ് പട്ടേല്‍ തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് മനേക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പത്രികാസമര്‍പ്പണത്തിനു മുമ്പ് അയോധ്യ- അലഹബാദ് ഹൈവേയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോയും നടത്തി. 2019 ല്‍ സുല്‍ത്താന്‍പൂരില്‍ നിന്ന് ബിഎസ്പിയുടെ ചന്ദ്രഭദ്ര സിങിനെതിരെ 14,526 വോട്ടുകള്‍ക്കാണ് മനേക വിജയിച്ചത്. എട്ട് തവണ എംപി ആയ അവര്‍ ഒന്നാം മോദി സര്‍ക്കാരില്‍ കാബിനറ്റ് റാങ്കുള്ള മന്ത്രിയുമായിരുന്നു. മെയ് 25 ന് ആറാം ഘട്ടത്തിലാണ് സുല്‍ത്താന്‍പൂരില്‍ വോട്ടെടുപ്പ്.
നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി മണ്ഡത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മനോജ് തിവാരിയും ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മണ്ഡലത്തിലെ സിറ്റിങ് എംപി കൂടിയാണ് മനോജ് തിവാരി. പത്രിക സമര്‍പ്പണത്തിനു മുന്നോടിയായി കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രസച്ച്ദേവ എന്നിവര്‍ക്കൊപ്പം റോഡ് ഷോയും നടത്തിയിരുന്നു. മെയ് 25ന് ആറാംഘട്ടത്തിലാണ് ദല്‍ഹിയിലെ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: