ചെന്നൈ: ഇളയരാജയുടെ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ കൂടി മനം കവര്‍ന്ന ഗായിക കൂടിയായിരുന്നു കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ അന്തരിച്ച ഉമ രമണന് (72).
ഇളയരാജയിലൂടെയാണ് ഉമ രമണന് തമിഴ്നാട്ടില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ ഇളയരാജ സംഗീതം ചെയ്ത ഒരു ‘കൈതിയിന്‍ ഡയറി’യിലെ ഗാനം തമിഴ്നാടിലെ അതിര്‍ത്തിയും കടന്ന് തെന്നിന്ത്യയാകെ കീഴടക്കി. അത്രയ്ക്ക് മാസ്മരികമായിരുന്നു ഉമ രമണന്റെ ശബ്ദം.
ഉമയെ മലയാളികളുടെ പ്രിയഗായികയാക്കിയ ‘പൊന്മാനേ കോപം’
കമലഹാസന്റെ ‘ഒരു കൈതിയിന്‍ ഡയറി’ എന്ന ഹിറ്റ് സിനിമയിലെ ‘പൊന്മാനേ കോപം’ എന്ന ഗാനം ആലപിച്ചതോടെയാണ് തമിഴ് സിനിമാലോകം മാത്രമല്ല, മലയാളവും ഉമ രമണന് എന്ന ഗായികയെ തിരിച്ചറിയുന്നത്. 1985ല്‍ ഭാരതിരാജ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ഒരു കൈതിയിന്‍ ഡയറി (ഒരു തടവുകാരന്റെ ഡയറി).
‘പൊന്മാനേ കോപം ഏനോ കാതല്‍ പാല്‍ക്കുടം കള്ളായി പോണത്..’- വൈരമുത്തു എഴുതിയ വരികള്‍. കോപാകുലയായ രേവതിയെ പാട്ടിലൂടെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്ന കമലഹാസനാണ് ഈ ഗാനത്തില്‍. ഇത് ഒരു യുഗ്മഗാനമാണ്. ഉണ്ണി മേനോനും ഉമ രമണനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്. 175 ദിവസത്തോളമാണ് തിയറ്ററുകളില്‍ ഈ സിനിമ തകര്‍ത്തോടിയത്. ശിവരഞ്ജിനി രാഗത്തിലാണ് വൈരമുത്തുവിന്റെ ഈ വരികള്‍ ഇളയരാജ ചിട്ടപ്പെടുത്തിയത്.
തെലുങ്കു പതിപ്പില്‍ ‘ഓ മൈന കോപം ചാലു’ എന്ന ഇതേ ഗാനത്തിന് ആണ്ശബ്ദത്തിന് ഉണ്ണിമേനോന് പകരം എസ്.പി. ബാലസുബ്രഹ്മണ്യത്തെ പരീക്ഷിച്ചെങ്കിലും പെണ്‍ശബ്ദമായി ഉമ രമണനെ തന്നെ നിലനിര്‍ത്തുകയായിരുന്നു ഇളയരാജ.
യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം എന്നിവര്‍ക്കൊപ്പം യുഗ്മഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മനോഹരമായി, വ്യത്യസ്ത രീതികളില്‍ കോറസ് പാടാനുള്ള ഉമ രമണന്റെ കഴിവും അപാരമാണ്. അതുപോലെ ഗാനങ്ങള്‍ ആവശ്യപ്പെടുന്ന മൂഡ് സൃഷ്ടിച്ച് വ്യത്യസ്ത ശൈലിയിലും ഉച്ചാരണത്തിലും പാടാനുള്ള ഉമ രമണന്റെ മിടുക്കും അവിസ്മരണീയമാണ്.
യേശുദാസുമായി ചേര്‍ന്ന് ഉമ രമണന് പാടിയ ‘കസ്തൂരി മാനേ കല്യാണത്തേനെ കച്ചേരി പാട് വന്ന് കൈത്താളം പോട്’ എന്ന ഗാനം ഒരു മലയാള ഗാനം പോലം മലയാളികള്‍ ഏറ്റെടുത്ത ഗാനമാണ്. യേശുദാസ് ഉമ രമണനുമായി ചേര്‍ന്ന് അനശ്വരമാക്കിയ മറ്റൊരു ഗാനമാണ് ‘ആദായ വെണ്ണിലാവേ’ എന്ന ഗാനം. ‘നീന്പാതി നാന് പാതി കണ്ണേ’ എന്ന ഗാനവും യേശുദാസും ഉമ രമണനും അനശ്വരമാക്കിയ, മലയാളികള്‍ നെഞ്ചേറ്റിയ ഗാനമാണ്.
ഇളയാരാജ-ഉമാ രമണന് ഹിറ്റ് ഗാനങ്ങള്‍ യുട്യൂബില്‍ ലഭ്യമാണ്. അതില്‍ ഒന്ന്:
മേഘം കറുക്കയിലേ( ഇളയാരാജ-ഉമ രമണന്) , കണ്മണി നീ വര കാത്തിരുന്തേ (യേശുദാസ്-ഉമ രമണന്), പൂത്തുപൂത്തു (എസ് പി- ഉമ രമണന്), ഏലേലേ കുയിലേ (എസ് പി- ഉമ രമണന്), കസ്തൂരി മാനേ (യേശുദാസ്- ഉമ രമണന്) , ആദായ വെണ്ണിലാവേ(യേശുദാസ്- ഉമ രമണന്), പൊന്മാനേ കോപം (ഉണ്ണി മേനോന്-ഉമ രമണന്), നീ പാതി നാന് പാതി(യേശുദാസ്- ഉമ രമണന്), ഓ ഉന്നാലേ നാന് (എസ് പി ബാലസുബ്രഹ്മണ്യം- ഉമ രമണന്), ചെവ്വരളി തോട്ടത്തിലെ ( ഉമ രമണന്- ഇളയരാജ), കുയിലേ കുയിലേ (യേശുദാസ്- ഉമ രമണന്), ആനന്ദ രാഗം (ഉമ രമണന്) ആറും അത് ആഴം ഇല്ലൈ അത് ചേരും കടലുക്കും ആഴം ഇല്ലൈ (ഉമ രമണന്) യാര് തൂരികൈ (എസ്.പി. ബാലസുബ്രഹ്മണ്യം, ഉമ രമണന്) എന്നീ ഗാനങ്ങള്‍ മുകളില്‍ നല്‍കിയിരിക്കുന്ന യൂട്യൂബ് ലിങ്കില്‍ കേള്‍ക്കാം..
ഇളയരാജയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ പിറന്നത് ഉമയുടെ ശബ്ദത്തിലായിരുന്നു. ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പാടിയത് ഉമയായിരുന്നു. ‘ഇളയരാജയ്ക്കൊപ്പം നൂറോളം പാട്ടുകള്‍ ഉമ പാടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: