ദുബായ് : രാജ്യത്തെ അസ്ഥിര കാലാവസ്ഥയിൽ വിറങ്ങലിച്ച് ജനങ്ങൾ. ഒട്ടുമിക്ക എമിറേറ്റുകളിലും മഴയുടെ സാന്നിധ്യം ശക്തമാണ്. അബുദാബി എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ മെയ് 5, ഞായറാഴ്ച വരെ സാമാന്യം ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി അബുദാബി അധികൃതർ അറിയിച്ചു.
മെയ് 5 വരെ അബുദാബിയുടെ വിവിധ മേഖലകളിൽ മഴ, ശക്തമായ കാറ്റ് എന്നിവയ്‌ക്ക് സാധ്യതയുണ്ട്. അബുദാബി നഗര പ്രദേശങ്ങളിൽ മെയ് 2 വരെ ഇടിയോട് കൂടിയ മഴ അനുഭവപ്പെടാനിടയുണ്ട്. തുറന്ന പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അൽ ഐൻ മേഖലയിൽ മെയ് 2 വരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴ, ശക്തമായ പൊടിക്കാറ്റ്, ആലിപ്പഴ വർഷം എന്നിവ അനുഭവപ്പെടാനിടയുണ്ട്.
അൽ ഐനിലെ തെക്കൻ മേഖലകളിൽ മെയ് 2 മുതൽ 5 വരെ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്. അൽ ദഫ്‌റ മേഖലയിൽ മെയ് 2 വരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴ, ശക്തമായ പൊടിക്കാറ്റ്, ആലിപ്പഴ വർഷം എന്നിവയ്‌ക്കും അൽ ദഫ്‌റയുടെ തെക്കൻ മേഖലകളിൽ മെയ് 2 മുതൽ 5 വരെ സാമാന്യം ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്.
അതേ സമയം അസ്ഥിരാവസ്ഥയെ തുടർന്ന് ദുബായ് എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠന രീതി ഏർപ്പെടുത്തിയതായി ദുബായ് സർക്കാർ അറിയിച്ചു.
രാജ്യത്ത് വരും ദിനങ്ങളിൽ ഉണ്ടാകാനിടയുള്ള അസ്ഥിര കാലാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് യോഗത്തിലാണ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഈ മുൻകരുതൽ നടപടി പ്രഖ്യാപിച്ചത്.
വരും ദിനങ്ങളിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ദുബായിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങൾ, യൂണിവേഴ്സിറ്റികൾ, നഴ്‌സറികൾ എന്നിവയ്‌ക്ക് മെയ് 2, വ്യാഴം, മെയ് 3, വെള്ളി എന്നീ ദിനങ്ങളിൽ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: