അഞ്ചുതെങ്ങ്: അശാസ്ത്രീയമായ നിര്‍മാണത്തെതുടര്‍ന്ന് മുതലപ്പൊഴിയിലെ അപകട പരമ്പര തീരത്ത് ദുരിതം വിതച്ചുകൊണ്ടേയിരിക്കുന്നു. 2006 ല്‍ പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയായ ശേഷം ഇതുവരെ 125 അപകടങ്ങളിലായി 73 മത്സ്യത്തൊഴിലാളികള്‍ക്കാണ് ജീവന് നഷ്ടമായത്. പരിക്കേറ്റവര്‍ എഴുന്നൂറിലേറെ. കൂടാതെ വള്ളവും വലയമുള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം വെളുപ്പിനുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളിയുടെ കൂടി ജീവന് നഷ്ടമായി. ഭാഗ്യം കൊണ്ട് മാത്രമാണ് കൂടെയുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്ക് രക്ഷപ്പെടാനായത്.
അപകടമൊഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് കഴിഞ്ഞ ജൂലൈയില്‍ ഫിഷറീസ് മന്ത്രിയുടെ നേത്യത്വത്തില്‍ പ്രഖ്യാപിച്ചത്. പ്രമുഖ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുടെയും സമുദായ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. മുതലപ്പൊഴി അഴിമുഖ ചാലില്‍ അടിഞ്ഞുകൂടിയ പാറയും മണലും അത്യാധുനിക ലോങ്ങ് ബും ക്രെയിനിന്റെയും എക്സ്സ്കവേറ്ററുകളുടെയും സഹായത്തോടെ നീക്കം ചെയ്യും, മേഖലയിലെ രക്ഷാ പ്രവര്‍ത്തനത്തിന് മൂന്നു സ്പീഡ് ബോട്ടുകളും ആംബുലന്‍സും സര്‍വീസ് നടത്തും. അപകടത്തില്‍പെട്ട ആളുകളുടെ അടുത്തേക്ക് മനുഷ്യസഹയമില്ലാതെതന്നെ വേഗത്തിലെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ റിമോട്ട് കണ്ട്രോളിലൂടെ പ്രവര്ത്തത്തിയ്ക്കുന്ന ‘ഇറിമോട്ട് ലൈഫ് ബോയ്’ കള്‍, മൂന്ന് ഷിഫ്റ്റ്കളിലായി 24 മണിക്കൂറും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള 22 മുങ്ങല്‍ വിദഗ്ദ്ധരെ നിയമിക്കുമെന്നെല്ലാമായിരുന്നു പ്രഖ്യാപനം.
സാന്‍ഡ് ബൈപ്പാസിങ്ങ് പ്രവൃത്തികള്‍ക്കായി ആദ്യഘട്ടം ഒരുകോടി അനുവദിക്കുമെന്നും പറഞ്ഞിരുന്നു. ലോറിയില്‍ മണല്‍ കൊണ്ടുപോകാനായിരുന്നു ആദ്യതീരുമാനം, പിന്നീട് സാന്‍ഡ് ബൈപ്പാസിങ് ശാശ്വതമായി നടപ്പാക്കാനായി 11 കോടിയുടെ പദ്ധതിയും മുന്നോട്ട് വച്ചിരുന്നു. എല്ലാം വെറുംവാക്കുകളായി മാറി.
റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ എന്തു നടപടി സ്വീകരിച്ചു എന്നതിനെക്കുറിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി. ഇവിടുത്തെ അപകടാവസ്ഥയെക്കുറിച്ച് പതിമൂന്ന് വര്‍ഷത്തിനിടയില്‍ ഏഴ് വിദഗ്ധ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ പഠന റിപ്പോര്ട്ടുകളിന്മേല് എന്ത് നടപടി സ്വീകരിച്ചു എന്നതിനെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ നല്കുവാനാണ് തുറമുഖ വകുപ്പ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍, തീരദേശ പോലീസ് മേധാവി, തിരുവനന്തപുരം ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അഡ്വ.എ.എറഷീദ് നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: