വെഞ്ഞാറമൂട്: ഗതാഗതക്കുരുക്കില്‍ വലയുകയാണ് വെഞ്ഞാറമൂട്. നാല് പ്രധാന റോഡുകള്‍ തിരിയുന്ന ജങ്ഷനില്‍ രാവിലെയും വൈകീട്ടും മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ്. തൈക്കാടു മുതല്‍ ആലന്തറ വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ക്ക് ഒച്ചിഴയുന്ന വേഗമാണ്. ഇവിടെ പ്രധാന ജംഗ്ഷനിലേക്കാണ് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളിന്റെ പ്രവേശനകവാടം തുറക്കുന്നതും. സ്കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ റോഡുമുറിച്ചു കടക്കുന്നത് കണ്ടുനില്‍ക്കുന്നവരെ പോലും ഭയചകിതരാക്കും. ഇഴഞ്ഞുനീങ്ങുന്ന കൂറ്റന്‍ വാഹനങ്ങള്‍ക്കിടയിലൂടെയാണ് കുട്ടികള്‍ റോഡ് മുറിച്ചുകടക്കേണ്ടത്. അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായിട്ടും വാഗ്ദാനത്തിനപ്പുറം നടപടികളൊന്നുമില്ല.
ശബരിമല തീര്‍ഥാടനക്കാലമായാല്‍ വെഞ്ഞാറമൂടു കടക്കാന്‍ പെടാപ്പാടാണ്. പ്രതിദിനം നൂറുകണക്കിനു തീര്‍ഥാടന വാഹനങ്ങളാണ് വെഞ്ഞാറമൂട്ടിലെത്തുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി തെരഞ്ഞെടുപ്പുകാലത്ത് പറഞ്ഞുകേള്‍ക്കാറുള്ളതാണ് വെഞ്ഞാറമൂടിന്റെ വികസനവും മേല്‍പ്പാലം നിര്‍മാണവും. ഒന്നും നടക്കില്ലെന്ന് കരുതിയിരിക്കവെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2019 സംസ്ഥാനബജറ്റില്‍ ഉള്‍പ്പെടുത്തുകയും മേല്‍പ്പാലത്തിന് കിഫ്ബി വഴി തുക അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതോടെ പ്രതീക്ഷകള്‍ വീണ്ടും മുളച്ചു. 26.71 കോടി രൂപയ്ക്കുള്ള ടെണ്ടറുകാരനെയും കണ്ടെത്തി.
ഭൂമി ഏറ്റെടുക്കല്‍ ഒഴിവാക്കിയാണ് മേല്‍പ്പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 446 മീറ്റര്‍ നീളത്തില്‍ 11.5 മീറ്റര്‍ വീതിയിലായിരുന്നു പാലം നിര്‍മ്മിക്കാന്‍ ആലോചന. ഇരുവശത്തും 3.5 മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡുകളുമുണ്ടാകും. കൊട്ടാരക്കര റോഡില്‍ ഐഒബി ബാങ്കിനു സമീപത്തുനിന്നും ആരംഭിച്ച് തിരുവനന്തപുരം റോഡില്‍ ലീലരവി ആശുപത്രിക്കു സമീപത്തായി അവസാനിക്കുന്നതരത്തിലായിരുന്നു രൂപകല്പന. മന്ത്രിയുടെ വാഗ്ദാനത്തോടെ പ്രതീക്ഷകള്‍ വീണ്ടുമുണര്‍ന്നെങ്കിലും എല്ലാം പഴയപടിയായി. മേല്‍പ്പാലം എന്നത് നടക്കാത്ത സ്വപ്നമായി നീളുന്നു.
മേല്‍പ്പാലത്തിന്റെ നിര്‍മാണം നടക്കില്ലെന്നു വന്നതോടെ തൈക്കാട് ജങ്ഷന് മുതല്‍ വെഞ്ഞാറമൂട് മാര്‍ക്കറ്റ് റോഡുവരെ മിനി ബൈപ്പാസ് നിര്‍മിക്കാന്‍ നെല്ലനാട് പഞ്ചായത്ത് പദ്ധതി തയ്യാറാക്കി. എന്നാല്‍ അതും കടലാസില്‍ മാത്രമായി ഒതുങ്ങി. 2018 ബജറ്റില്‍ തൈക്കാടു മുതല്‍ വെഞ്ഞാറമൂടുവരെ ബൈപ്പാസ് റോഡിന് ഫണ്ട് ഉള്‍പ്പെടുത്തിയെങ്കിലും യാഥാര്‍ഥ്യമായില്ല. തിരുവനന്തപുരം-അങ്കമാലി എംസി റോഡില്‍ ഏറ്റവും തിരക്കുള്ള ടൗണുകളിലൊന്നാണ് വെഞ്ഞാറമൂട്.
ആംബുലന്‍സുകള്‍ക്കുപോലും ഗതാഗതക്കുരുക്കില്‍ നിന്നു മോചനമില്ല. ഗതാഗതക്കുരുക്കിന് അന്ത്യമാകാന്‍ വെഞ്ഞാറമൂടില്‍ മേല്‍പ്പാലംവരുമെന്ന് കരുതി കാത്തിരിക്കാന്‍ തുടങ്ങിയവരുടെ ക്ഷമ കെട്ടു. മേല്‍പ്പാലം നിര്‍മിക്കാനായി നാലുതവണയാണ് ടെന്‍ഡര്‍ വിളിച്ചത്. അവസാന ടെന്‍ഡറിലും എസ്റ്റിമേറ്റ് തുകയെക്കാള്‍ കൂടുതലാണ് കരാറുകാര്‍ ആവശ്യപ്പെട്ടത്. അവസാന ടെന്‍ഡര്‍ എടുക്കാന്‍ ആളില്ലാത്തതിനാല്‍ മേല്‍പ്പാലം നിര്‍മാണം എന്ന സ്വപ്നം ഇരുള്‍മൂടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: