കോഴിക്കോട്: മുസ്ലിം ഭീകരസംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ മാറാട് കൂട്ടക്കൊല നടന്നിട്ട് 21 വര്‍ഷം. 2003 മെയ് രണ്ടിന് സന്ധ്യയോടെയാണ് മാറാട്ടെ എട്ട് മത്സ്യത്തൊഴിലാളികളെ മുസ്ലിം ഭീകര സംഘം കൂട്ടക്കൊലയ്‌ക്കിരയാക്കിയത്. കടലോരത്തെ ഹിന്ദു സമൂഹത്തെ ആട്ടിപ്പായിക്കുകയെന്ന ലക്ഷ്യത്തോടെ എന്‍ഡിഎഫ് അടക്കമുള്ള സംഘടനകള്‍ ആസൂത്രണം ചെയ്തതായിരുന്നു ഈ ഭീകാരാക്രമണം.
ഭീകരാക്രമണത്തിനിരയായി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും മാരകമായി പരിക്കേറ്റവരോടുമായിരുന്നില്ല കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികളുടെ ഐക്യദാര്‍ഢ്യം.
ഭീകരാക്രമണത്തില്‍ പങ്കാളികളായവരെ കണ്ടെത്തി ശിക്ഷിക്കുക, ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തുക, ഇരയായവരുടെ കുടുംബങ്ങളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളെ അട്ടിമറിക്കുകയായിരുന്നു സംസ്ഥാന ഭരണകൂടവും പ്രതിപക്ഷവും. കൂട്ടക്കൊലയ്‌ക്ക് സൗകര്യം ചെയ്ത് കൊടുത്ത് മാറാട്ട് നിന്ന് മാറി നിന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയെന്ന ആവശ്യവുമായാണ് അവര്‍ രംഗത്തെത്തിയത്. ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താനുള്ള ആഴത്തിലുള്ള അന്വേഷണം അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാരും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരും ശ്രമിച്ചത്. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയും പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയും വി.എസ്. അച്യുതാനന്ദനുമൊക്കെ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു.
ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തെ സിപിഎമ്മും കോണ്‍ഗ്രസും എതിര്‍ത്തു. എന്‍ഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും ആവശ്യത്തിന് മുമ്പില്‍ മുട്ടുമടക്കുകയായിരുന്നു ഇരു കൂട്ടരും. തോമസ് പി. ജോസഫിന്റെ നേതൃത്വത്തിലുളള ജുഡീഷ്യല്‍ കമ്മിഷന്‍ സിബിഐ, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവയുടെ സംയുക്ത അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇതിനെ അട്ടിമറിക്കുകയായിരുന്നു. 2016 ലാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ അന്വേഷണത്തിന് തയാറായത്.
കൂട്ടക്കൊലക്കേസില്‍ മാറാട് അഡീഷണല്‍ സെഷന്‍സ് കോടതി 63 പേരെ കുറ്റവാളികളെന്ന് കണ്ടെത്തി. 62 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു. 2013 ല്‍ ഹൈക്കോടതി 24 പേര്‍ക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ചു. നാടുവിട്ടതിനാല്‍ വിചാരണ പൂര്‍ത്തിയാക്കാത്ത രണ്ട് പേര്‍ക്ക് കൂടി സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു. കൂട്ടക്കൊലക്കേസ് പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ പോയിരുന്നില്ല.
പ്രതികളെയും ഭീകരാക്രമണം ആസൂത്രണംചെയ്ത ഭീകരസംഘടനകളെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ സംഘടിപ്പിച്ച നോമ്പുതുറചടങ്ങില്‍ കോഴിക്കോട് ലോക്‌സഭാ സ്ഥാനാര്‍ത്ഥികളായ എം.കെ. രാഘവനും എളമരം കരീമും പങ്കെടുത്തത് ഈ ഐക്യദാര്‍ഢ്യത്തിന്റെ തുടര്‍ച്ചയായിരുന്നു. മാറാട് കൂട്ടക്കൊലയ്‌ക്കു പിന്നിലെ ഗൂഢാലോചന കണ്ടെത്തിയിരുന്നെങ്കില്‍ കേരളത്തില്‍ പിന്നീടുണ്ടായ ഭീകരാക്രമണങ്ങളും ഭീകരസംഘടനയുടെ വളര്‍ച്ചയും ഇല്ലാതാക്കാമായിരുന്നു. ദക്ഷിണ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങള്‍ ഭീകര സംഘടനകള്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കുമ്പോള്‍ കേരളത്തില്‍ ഇത്തരം സംഘടനകളോട് മൃദുസമീപനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: