തിരുവനന്തപുരം: ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ഒരു വര്‍ഷക്കാലമായി ആചരിച്ച് വരുന്ന സ്മൃതിപൂജാ വര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പുരസ്കാരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയ്ക്ക് സമ്മാനിക്കും. ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന്‍നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, എസ്. മഹാദേവന് തമ്പി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ നിര്‍ണയിച്ചത്.
വിദ്യാഭ്യാസ വിചക്ഷണനും ധാര്‍മ്മികതയുടെ കുലപതിയും ആധ്യാത്മികതയെ മാനവമുക്തിക്ക് ആയുധവുമാക്കിയ പോരാളിയായിരുന്ന ചട്ടമ്പി സ്വാമിയുടെ സ്മൃതി പൂജാ വര്‍ഷാചരണ പുരസ്കാരം പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് നല്‍കുന്നത് അതീവ ചാരിതാര്‍ത്ഥ്യത്തോടെയാണെന്ന് ജൂറി ചെയര്മാന് ആര്. രാമചന്ദ്രന്‍നായര്‍ പറഞ്ഞു. അക്ഷരപൂജ തപസ്യയാക്കിയ മഹാരഥനാണ്. കൃത്യാന്തര ബാഹുല്യങ്ങള്ക്കിടയില് വൈജ്ഞാനിക സാഹിത്യ മേഖലകളില്‍ ഉള്‍ക്കാമ്പോടെ സൃഷ്ടി നടത്തുന്ന പി. എസ്. ശ്രീധരന്‍പിള്ളയുടെ രചനാരീതികള്‍ വ്യത്യസ്തത നിറഞ്ഞതാണെന്നും സമിതി വിലയിരുത്തി.
തിരുവനന്തപുരത്ത് പിന്നീട് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി വൈസ് പ്രസിഡന്റ് ഡോ. ശ്രീവത്സന്‍ നമ്പൂതിരിയും, സ്മൃതിപൂജാവര്‍ഷ ആചരണ കമ്മിറ്റി ചെയര്മാന് മുക്കം പാലമൂട് രാധാകൃഷ്ണനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: