ന്യൂദല്‍ഹി: നാവികസേനയുടെ പുതിയ മേധാവിയായി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി ചുമതലയേറ്റു. മലയാളിയായ അഡ്മിറല്‍ ആര്. ഹരികുമാര്‍ വിരമിച്ചതിനെത്തുടര്‍ന്നാണ് നാവികസേനാ മേധാവിയായി ചുമതലയേറ്റത്. അമ്മ രജനി ത്രിപാഠിയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങിയശേഷമായിരുന്നു ദിനേഷ്കുമാര്‍ ത്രിപാഠി ചുമതലയേറ്റത്.
വികസിത ഭാരതത്തിന് സംഭാവന നല്‍കുന്നതിന് നാവികസേനയെ സ്വയം പര്യാപ്തമാക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി ചുമതലയേറ്റെടുത്തശേഷം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. സമുദ്രമേഖലയിലെ ഏതുതരത്തിലുള്ള വെല്ലുവിളികളും ഏറ്റെടുക്കുവാനും നാവികസേന തയാറാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നമ്മുടെ നാവികസേന ഒരു ഏകീകൃതവും വിശ്വസനീയവുമായ ശക്തിയായി വികസിച്ചു. ഇതിനായി പ്രവര്‍ത്തിച്ച എല്ലാ മുന്‍ നാവികസേനാ മേധാവികള്‍ക്കും നന്ദി പറയുന്നു.
നമ്മുടെ മാനവവിഭവശേഷി മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് മുന്‍ഗണന. ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി ത്രിപാഠി ദേശീയ യുദ്ധസ്മാരകത്തിലെത്തി യുദ്ധവീരന്മാര്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇലക്ട്രോണിക് വാര്‍ഫെയറില്‍ വിദഗ്ദനായി കണക്കാക്കപ്പെടുന്ന അഡ്മിറല്‍ ദിനേഷ് ത്രിപാഠി നാവികസേനയുടെ ഉപ മേധാവിയുടെ ചുമതലയാണ് ഇതുവരെ വഹിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: