ജനീവ: ആഗോളതലത്തില്‍ അഞ്ചാംപനി (മീസല്‍സ്) കേസുകള്‍ കുത്തനെ ഉയരുന്നതായി ലോകാരോഗ്യസംഘടന. 2022ലേതിനേക്കാള്‍ 88 ശതമാനത്തിന്റെ വര്‍ധനയാണ് 2023ല്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. 2022ല്‍ അഞ്ചാംപനി ബാധിക്കുന്നവരുടെ നിരക്ക് 1,71,153 ആയിരുന്നെങ്കില്‍ 2023ല്‍ അത് ഇരട്ടിയായി, 3,21,582. ബാഴ്സലോണയില്‍ നടന്ന കോണ്‍ഫറന്‍സിലാണ് ലോകാരോഗ്യസംഘടനയിലെ അംഗം പാട്രിക് ഒ കോണര്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
കൊവിഡ് കാലത്ത് അഞ്ചാംപനിക്കുള്ള വാക്സിനേഷന് നിരക്കുകള്‍ കുറഞ്ഞതാണ് ആഗോളതലത്തില്‍ രോഗ വര്‍ധനവിന് കാരണം. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മീസല്‍സ് വൈറസ് വലിയ രീതിയിലുള്ള രോഗവ്യാപനത്തിന് കാരണമാകുമെന്നും തുല്യവും ഏകീകൃതവുമായ വാക്സിനേഷന് രീതി ഉറപ്പാക്കണമെന്നും പാട്രിക് പറഞ്ഞു. 2024ലും രോഗവ്യാപനം ആശങ്കപ്പെടുത്തും വിധത്തില്‍ ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ ആദ്യം വരെയുള്ള കണക്കുകള്‍ മാത്രമെടുത്താല്‍ രോഗികളുടെ എണ്ണം 94,481ല്‍ എത്തിനില്‍ക്കുകയാണ്. ഇതില്‍ 45 ശതമാനം രോഗികളും യൂറോപ്യന്‍ മേഖലകളിലും യെമന്‍, അസര്ബൈജാന്, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലുമാണ്.
അതേസമയം വാക്സിനേഷനിലൂടെ 2000 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഏകദേശം 57 ദശലക്ഷം മരണങ്ങള് ഒഴിവാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാധാരണയായി ആറു മാസം മുതല്‍ മൂന്നു വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കാണുന്നത്. പനിയാണ് ആദ്യ ലക്ഷണം. ഇതിന്റെകൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. നാലു ദിവസത്തിന് ശേഷം ചെവിയുടെ പിറകില്‍നിന്ന് തുടങ്ങി മുഖത്തേക്ക് പടര്‍ന്നശേഷം ദേഹമാസകലം ചുവന്ന പൊടിപ്പുകള്‍ കാണും.
കൂടാതെ വയറിളക്കം, ഛര്‍ദി, വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് എന്നിവയുംമുണ്ടാകും. അസുഖമുള്ള ഒരാളുടെ കണ്ണില്‍നിന്നുള്ള സ്രവത്തില്നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം. പ്രതിരോധ കുത്തിവെപ്പ് മാത്രമാണ് പരിഹാരം. കുട്ടിക്ക് ഒന്‍പത് മാസം തികയുമ്പോള്‍ ആദ്യ ഡോസ് എംആറും കൂടെ വിറ്റാമിന്‍ എ തുള്ളികളും നല്‍കണം. രണ്ടാമത്തെ ഡോസ് ഒന്നര മുതല്‍ രണ്ടുവയസുവരെ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: