ശ്രീനഗർ: കനത്ത മഴയ്‌ക്കും മഞ്ഞുവീഴ്ചയ്‌ക്കും പിന്നാലെ ജമ്മു കശ്മീരിൽ ഹിമപാതം ഉണ്ടായി. ജമ്മു കശ്മീരിലെ സോൻമാർഗ് മേഖലയിലാണ് ഹിമപാതം അഥവാ വലിയ മഞ്ഞുകട്ടികൾ വീണത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചുറ്റും മഞ്ഞ് മൂടി കിടക്കുന്ന മലകൾക്കിടയിലൂടെ അടർന്നു വീണ മഞ്ഞുകട്ടികൾ ഇരമ്പുന്നത് കാണാം. ഈ സമയം പ്രദേശത്ത് നിന്നും നിരവധി ആളുകളും മൃഗങ്ങളും ഓടുന്നതും ദൃശ്യമാണ്. കനത്ത മഴയെ തുടർന്ന് ജമ്മു കശ്മീരിന്റെ വിവിധ ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
മണ്ണിടിച്ചിൽ രൂക്ഷമായതോടെ ജമ്മു-ശ്രീനഗർ ദേശീയ പാതയും ഇന്ന് അടച്ചു. റംബാൻ ജില്ലയിലെ മെഹർ, ഗാംഗ്രൂ, മോം പാസി, കിഷ്ത്വരി പഥേർ എന്നിവിടങ്ങളിലും മണ്ണിടിച്ചിലും ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കശ്മീരിനെ രാജ്യത്തെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഗതാഗതമാർഗ്ഗങ്ങളാണിത്.
കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ അതി ശക്തമായ മഴയാണ് ജമ്മുവിൽ അനുഭവപ്പെട്ടത്. പ്രദേശത്തെ എല്ലാ നദികളിലും തടാകങ്ങളിലും അരുവികളും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്ന് അധികൃതർ അറിയിച്ചു. വരുന്ന 24 മണിക്കൂറും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: