ന്യൂഡൽഹി: ആഗോള തലത്തിൽ തന്നെ ഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറി മറിയുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഡൽഹിയിലെ കിരോരി മാൽ കോളേജിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. കൊറോണ മഹാമാരിയെ രാജ്യം കൈകാര്യം ചെയ്തതും ചന്ദ്രയാൻ-3 ദൗത്യവും വിദേശികളായ ഇന്ത്യക്കാരിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ അഞ്ചാമതാണ് ഇന്ത്യ. ഇതിനാൽ തന്നെ രാജ്യത്തെ നിർണായക തീരുമാനങ്ങൾ ലോകം സൂക്ഷ്മമായി പിന്തുടരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സാങ്കേതിക നേട്ടങ്ങൾ ഇതിന് തെളിവായി ജയശങ്കർ ചൂണ്ടിക്കാട്ടി.
ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. സമ്പദ് വ്യവസ്ഥയിൽ അഞ്ചാമത്തെ രാജ്യമാണ്. ഉടൻ മൂന്നാമതെത്തുമെന്ന പ്രതീക്ഷയിലാണ്. ഇവിടെ ഏത് തരത്തിലാണ് പ്രവർത്തിക്കുന്നത് എന്നത് വിദേശികളുൾപ്പെടെ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുക്രെയിനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരുന്ന ഓപ്പറേഷൻ ഗംഗയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. റേഷൻകാർഡ് സംവിധാനം, തിരഞ്ഞെടുപ്പ് സംവിധാനം, അടിസ്ഥാന സൗകര്യ വികസനം എന്നീ ആഭ്യന്തര നേട്ടങ്ങളിലും വിദേശത്തുള്ള ആളുകൾ ആകൃഷ്ടരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: