തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് എടുക്കാനെത്തിയ പരീക്ഷാർത്ഥികളെ വലച്ച് എംവിഡിയുടെ നടപടി. പ്രതിദിനം 100-ൽ അധികം ആളുകൾക്ക് ലൈസൻസ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ കുറിച്ച് മന്ത്രി പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ കൊണ്ട് പരസ്യമായി ടെസ്റ്റ് നടത്തിച്ചത്. 15 ഉദ്യോഗസ്ഥരെയാണ് പരസ്യമായി ലൈസൻസ് എടുക്കുന്നതിനുള്ള ടെസ്റ്റ് പരിശോധിക്കാൻ നിയോഗിച്ചത്.
ഇന്നത്തെ ടെസ്റ്റിന്റെ ഫലമനുസരിച്ചാകും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക. 100 ടെസ്റ്റുകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ഉദ്യോഗസ്ഥരുടെ പരസ്യ പരീക്ഷയിലൂടെ പ്രതിസന്ധിയിലായത് ഡ്രൈവിംഗ് ടെസ്റ്റിനായി എത്തിയവരാണ്. സമ്മർദ്ദത്തെ തുടർന്ന് ഇന്ന് എത്തിയവരിൽ മിക്കവരും പരാജയപ്പെട്ടു. ഒരു ദിവസം 100-ൽ അധികം ലൈസൻസ് നൽകിയിരുന്ന 15 എംവിഡി ഉദ്യോഗസ്ഥരെയാണ് ഇന്ന് മുട്ടുത്തുറയിൽ വിളിച്ചു വരുത്തി പരസ്യ പരീക്ഷ നടത്തിയത്.
ഉദ്യോഗസ്ഥർ ആറ് മിനിറ്റിനുള്ളിൽ നടപടി പൂർത്തിയാക്കുന്നുവെന്ന ഗതാഗത മന്ത്രിയുടെ ആരോപണത്തിന് പിന്നാലെയാണ് നീക്കം. ഉദ്യോഗസ്ഥരുടെ പരസ്യ ടെസ്റ്റിന്റെ ഫലം നിരീക്ഷണ ചുമതല വഹിച്ച അധികൃതർ ഗതാഗത മന്ത്രിക്ക് കൈമാറും. സമയക്രമത്തിൽ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി.
അതേസമയം ഉദ്യോഗസ്ഥർക്കായി നടത്തിയ പരസ്യ പരീക്ഷയിൽ സമ്മർദ്ദത്തിലായത് ലൈസൻസ് എടുക്കാനെത്തിയവരാണ്. ക്യാമറകളും ഉദ്യോഗസ്ഥരും ചുറ്റും കൂടിയതോടെ സമ്മർദ്ദം മൂലം മിക്കവരും ടെസ്റ്റിൽ തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: