തിരുവനന്തപുരം: ഏറെ നാളായി പ്രതിസന്ധിയിലായിരുന്ന ഭൂമി തരംമാറ്റ അപേക്ഷകൾക്ക് തീർപ്പ് കൽപ്പിക്കാൻ നീക്കവുമായി സർക്കാർ. അപേക്ഷ തീർപ്പാക്കുന്നതിനുള്ള അധികാരം കൂടുതൽ അധികൃതർക്ക് കൈമാറാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 27 ആർഡിഒമാർക്കാണ് നിലവിൽ ഇതിന്റെ ചുമതലയുള്ളത്.
ഇതിന് പുറമെയാണ് 78 താലൂക്കുകളിലെ ഓരോ ഡപ്യൂട്ടി കളക്ടർമാരെയും ഫയൽ തീർപ്പ് കൽപ്പിക്കുന്നതിനുള്ള ചുമതല ഏർപ്പെടുത്തിയിരിക്കുന്നത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ അടുത്തിടെ ഭേദഗതി വരുത്തിയിരുന്നു. സെപ്റ്റംബറിലാണ് നിയമസഭ ഇത് സംബന്ധിച്ച ബിൽ പാസാക്കിയത്. എന്നാൽ ഇത് സംബന്ധിച്ച ബില്ലിൽ ഗവർണർ കഴിഞ്ഞ ദിവസമാണ് ഒപ്പിട്ടത്. ഇതിന് പിന്നാലെയാണ് നിർണായക തീരുമാനം.
പ്രതിദിനം 500 അപേക്ഷകൾ വരെയാണ് ഓൺലൈൻ മുഖേന അധികൃതർക്ക് മുന്നിൽ എത്തുന്നത്. ഇവ പരിഹരിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളതാകട്ടെ 27 ആർഡിഒമാരെയും. എന്നാൽ പ്രതിദിനം ഇത്രയധികം ഫയലുകൾ തീർപ്പാക്കാൻ കഴിയാതെ വന്നതോടെയാണ് പുതിയ നീക്കം. എന്നാൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുത്തുന്നതിന് പുറമെ ഓഫീസ് സംവിധാനങ്ങളും സജ്ജമാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: