തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലില്‍ മതതീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ക്ക് ജയില്‍ നിയമങ്ങള്‍ ലംഘിച്ചു ഒരുമിക്കാന്‍ അനുമതി. ചട്ടങ്ങളെല്ലാം ലംഘിച്ച് തീവ്രവാദികള്‍ക്ക് ഒരു സെല്ലില്‍ താമസിക്കാനും അവസരം നല്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു ക്ലാസ് കൊടുക്കാനാണ് ഒത്തുകൂടല്‍.
ജയില്‍ച്ചട്ടങ്ങള്‍ ലംഘിച്ചു റംസാന് നോമ്പിനോടനുബന്ധിച്ച് മുസ്ലിം തടവുകാരെ 32 ദിവസം ഒരേ ബ്ലോക്കില്‍ താമസിച്ചു സംഘടിക്കാന്‍ അവസരമൊരുക്കി. കൊടുംക്രിമിനലുകളായ കെമിന് കൊലക്കേസ് പ്രതികള്‍, മറ്റു കൊലക്കേസ് പ്രതികളായ എസ്ഡിപിഐക്കാര്, എന്‍ഐഎ അന്വേഷണത്തിലുള്ള ആലപ്പുഴ രണ്‍ജീത് ശ്രീനിവാസന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ തീവ്രവാദികളായ 84 പേരെയാണ് ഒരു ബ്ലോക്കില്‍ ഒരുമിച്ചു പാര്‍ക്കാന്‍ അനുവദിച്ചത്. നോമ്പിന് ഒത്തുചേര്‍ന്നപ്പോള്‍ തീവ്രവാദികള്‍ തന്നെ ക്ലാസെടുത്തു. മറ്റു മതവിശ്വാസികളെ ഉന്മൂലനം ചെയ്യാനും രാജ്യത്തിനെതിരേ പോരാടാനും ചിലരെ ഇല്ലാതാക്കാനുമുള്ള ആസൂത്രണ ക്ലാസുകളായിരുന്നു അവയെന്നാണ് സൂചന.
യോഗങ്ങള്‍ക്കു ഫര്‍ണീച്ചര്‍ ഉള്‍പ്പെടെ സൗകര്യങ്ങളെല്ലാം ജയില്‍ അധികൃതര്‍ ഒരുക്കിയത്രേ. രാജ്യദ്രോഹ കേസിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍, മയക്കുമരുന്ന്, കൊലപാതകക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍, ശിക്ഷിക്കപ്പെട്ട മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു വന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പിടിക്കപ്പെട്ടവര്‍, ഇവരെയെല്ലാം ഒരുമിച്ചുകൂട്ടിയാണ് ക്ലാസുകള്‍ നടത്തിയത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ചെയ്യേണ്ട തീവ്രവാദ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്തതായും അറിയുന്നു. ഇതിലേക്ക് പുറത്തുനിന്നു സാമ്പത്തികം ഉള്‍പ്പെടെ വന്‍സഹായങ്ങള്‍ ഇവര്‍ക്കു ലഭിക്കുന്നുണ്ട്.
മതതീവ്രവാദികള്‍ക്ക്
വിശിഷ്ട പാനീയങ്ങളും
മയക്കുമരുന്നും
പ്രത്യേക റേഷന്‍, ഓരോരുത്തര്‍ക്കും 1200 രൂപ വീതം കാന്റീന് ചെലവ്, അനധികൃതമായി 10,400 രൂപയുടെ പഴങ്ങളും വിശിഷ്ട പാനീയങ്ങളും തുടങ്ങിയവ ജയില്‍ ജീവനക്കാരുടെ അസോസിയേഷന് നടത്തുന്ന കാന്റീന് മുഖാന്തിരം ഇവര്‍ക്കെത്തിച്ചു. പുറമെ മയക്കുമരുന്നും. പാനീയങ്ങളില്‍ മയക്കുമരുന്നു കലര്‍ത്തി മറ്റു തടവുകാര്‍ക്കു വിതരണം ചെയ്യുന്നതു പതിവാണ്.
റംസാന് കഴിഞ്ഞും ക്ലാസില്‍ ഒത്തുചേരുന്നതിന് അവസരമൊരുക്കുന്നുണ്ട്. ഇവരുടെ വലയില്‍ വീഴാത്ത മുസ്ലിങ്ങളെ ജയിലില്‍ മര്‍ദിക്കുന്നതും പതിവാണ്. ഒരുമിച്ചു കൂടാനും നമസ്കരിക്കാനും തയ്യാറാകാത്ത ജയിലിലെ നാലാം ബ്ലോക്കിലെ തടവുകാരെ ഏപ്രില്‍ 12ന് ക്രൂരമായി മര്‍ദിച്ചു. മര്‍ദനമേറ്റവര്‍ രേഖാമൂലം പരാതിപ്പെട്ടെങ്കിലും അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ല.
ജയിലില്‍ മത, രാഷ്ട്രീയാടിസ്ഥാനത്തില്‍ സംഘടിക്കുകയോ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ നടപടിയെടുക്കേണ്ടതിനു പകരം ഇവിടെ സൗകര്യമൊരുക്കുകയായിരുന്നു.
സാധാരണ തടവുകാര്‍ ഭയപ്പാടില്‍
ജയിലിലെ തീവ്രവാദികളുടെ സംഘടിത നീക്കം കാരണം സാധാരണ തടവുകാര്‍ ഭയപ്പാടിലാണ്. മുന്‍വര്‍ഷങ്ങളിലൊന്നും നോമ്പെടുക്കുമ്പോള്‍ ഇത്തരത്തിലുള്ള അനധികൃത പരിഗണന ജയിലില്‍ നല്‍കാറില്ല. നിയമ ലംഘനങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പലവട്ടം ചൂണ്ടിക്കാട്ടിയെങ്കിലും നടപടികള്‍ സ്വീകരിക്കാത്തതില്‍ ജീവനക്കാര്‍ കടുത്ത അമര്‍ഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: