ഗാന്ധി പാരമ്പര്യം തട്ടിയെടുത്ത് ഭാരതത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയിലും സര്‍ക്കാരിലും സര്‍വ്വാധികാരികളായി മാറുകയും രാജ്യാധികാരം പരമ്പരകളിലേക്ക് കൈമാറുകയും ചെയ്ത ചരിത്രമാണ് നെഹ്രു കുടുംബത്തിനുള്ളത്. സ്വത്തുക്കളും അധികാരവും പാരമ്പര്യമായി കൈമാറുന്നതും മോത്തിലാല്‍ നെഹ്രുവിന്റെ കാലം മുതല്‍ നെഹ്രു കുടുംബാംഗങ്ങളുടെ സ്വഭാവമാണെന്നതും ഏവര്‍ക്കും അറിയുന്ന കാര്യം തന്നെ. ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ശതകോടികളുടെ സ്വത്ത് പിതൃസ്വത്തുപോലെ അടിച്ചെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ഇപ്പോഴത്തെ ഗാന്ധി കുടുംബാംഗങ്ങള്‍. ഈ കേസില്‍ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങി നടക്കുന്നവരാണ്. തലമുറയായി ലഭിച്ച സ്വത്തുക്കളും ഭരണാധികാരവും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും കൈമാറിയ നെഹ്രു കുടുംബം പക്ഷേ അധികാരത്തിലെത്തിയപ്പോഴെല്ലാം രാജ്യത്തെ ജനങ്ങളുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ഇതിന്റെ ഉദാഹരണമാണ് 1953ല്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായപ്പോള്‍ കൊണ്ടുവന്ന എസ്‌റ്റേറ്റ് നിയമം അഥവാ ഡെത്ത് ടാക്‌സ് എന്ന വിളിപ്പേരുണ്ടായിരുന്ന പാരമ്പര്യസ്വത്ത് നികുതി. 1985ല്‍ ഈ നികുതി നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും നാല്‍പ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും നെഹ്രു കുടുംബത്തിന്റെ പുതുതലമുറക്കാര്‍ പാരമ്പര്യസ്വത്ത് നികുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. സമ്പന്നരുടെ സ്വത്ത് വീതംവെച്ചു നല്‍കണമെന്ന അപ്രായോഗികമായ മാവോയിസ്റ്റ് ആശയങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ എഴുതിച്ചേര്‍ത്ത് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് കോണ്‍ഗ്രസ്. പരമ്പരാഗത സ്വത്ത് നികുതി പുനഃസ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് നീക്കം പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുകാട്ടിയതോടെയാണ് ദേശീയതലത്തില്‍ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
എന്താണ് പരമ്പരാഗത സ്വത്ത് നികുതി?
1953ല്‍ പാര്‍ലമെന്റ് പാസാക്കിയ എസ്‌റ്റേറ്റ് ഡ്യൂട്ടി നിയമം പ്രകാരം പാരമ്പര്യമായി ലഭിക്കുന്ന സ്വത്തുവകകള്‍ക്ക് 20 ലക്ഷത്തിന് മുകളില്‍ മൂല്യമുണ്ടെങ്കില്‍ 85 ശതമാനം നികുതി സര്‍ക്കാരിന് നല്‍കണമായിരുന്നു. സ്ഥാവരജംഗമ വസ്തുക്കള്‍, കൃഷിഭൂമിയടക്കം ചേര്‍ത്തായിരുന്നു നികുതി നല്‍കേണ്ടിയിരുന്നത്. ഒരു വ്യക്തി മരിച്ചാല്‍ അയാളുടെ പേരിലുള്ള വസ്തുവകകള്‍ മക്കള്‍ അനുഭവിക്കണമെങ്കില്‍ വന്‍തുക നികുതി അടയ്‌ക്കേണ്ടതായിരുന്നു അവസ്ഥ. അന്നത്തെ വിപണി വില അനുസരിച്ച് നികുതി കണക്കാക്കും. കാലാകാലങ്ങളില്‍ ഈ നികുതിക്കെതിരെ വലിയ എതിര്‍പ്പുകള്‍ രാജ്യത്തുണ്ടായിട്ടുണ്ട്. ഈ നിയമം രാജീവ്ഗാന്ധി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന വി.പി.സിങ് ആണ് 1985ല്‍ പിന്‍വലിച്ചത്.
കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്
ജവഹര്‍ലാല്‍ നെഹ്രു ഈ നിയമം രാജ്യത്ത് നടപ്പാക്കിയെങ്കിലും 1985ല്‍ നിയമം പിന്‍വലിക്കപ്പെടുമ്പോള്‍ നെഹ്രു കുടുംബത്തിനും പ്രയോജനങ്ങളുണ്ടായി എന്നാണ് രേഖകള്‍. 1981ലെ കണക്കുകള്‍ പ്രകാരം ഇന്ദിരാഗാന്ധിയുടെ വില്‍പ്പത്രപ്രകാരമുള്ള പരമ്പരാഗത സ്വത്തുമൂല്യം 21 ലക്ഷം രൂപയിലധികമായിരുന്നു. രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, വരുണ്‍ ഗാന്ധി എന്നീ കൊച്ചുമക്കള്‍ക്കായാണ് ഇന്ദിര വില്‍പ്പത്രമെഴുതിയത്. 1984 ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു. തൊട്ടടുത്ത വര്‍ഷമാണ് പാരമ്പര്യസ്വത്ത് നികുതി നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നത്. പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം അന്നത്തെ ധനമന്ത്രി വി.പി.സിങ് ആണ് നിയമം പിന്‍വലിച്ചത്. എന്നാല്‍ നിയമത്തിന് 1984 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയതോടെ ഇന്ദിരാഗാന്ധി കൊച്ചുമക്കള്‍ക്ക് നല്‍കിയ സ്വത്തുക്കള്‍ക്ക് എസ്‌റ്റേറ്റ് നികുതി നല്‍കേണ്ടി വന്നില്ല. 1981ല്‍ തയ്യാറാക്കിയ വില്‍പ്പത്രം 1985ല്‍ മാത്രമാണ് പ്രസിദ്ധീകരിച്ചതും. 1985ല്‍ പിന്‍വലിച്ച പാരമ്പര്യസ്വത്ത് നികുതി തിരികെ കൊണ്ടുവരാന്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടന്നത്. 2011ല്‍ നടന്ന പ്ലാനിംഗ് കമ്മീഷന്‍ യോഗത്തില്‍ അന്നത്തെ ധനമന്ത്രി പി. ചിദംബരം ഈ നികുതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. പദ്ധതിയേതര ചെലവുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത സ്ഥിതിയില്‍ പാരമ്പര്യനികുതി വീണ്ടും നടപ്പാക്കണമെന്നായിരുന്നു ചിദംബരത്തിന്റെ നിര്‍ദ്ദേശം. 2013ലെ ബജറ്റവതരണത്തിന് മുമ്പായി നടന്ന ഒരു പരിപാടിയില്‍ പാരമ്പര്യസ്വത്ത് നികുതി സംബന്ധിച്ച ചര്‍ച്ച ആവശ്യമാണെന്നും ചിദംബരം പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് പ്രകടന പത്രിക
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്തെ വ്യക്തികളുടെ സമ്പത്ത് പുനര്‍ വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഛത്തീസ്ഗഢിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിന്റെ ഈ പ്രഖ്യാപനത്തെ ചോദ്യം ചെയ്തു രംഗത്തെത്തിയതോടെയാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചത്. പാരമ്പര്യ സ്വത്തില്‍ കൈവെയ്‌ക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം ബിജെപി തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി മാറ്റിയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. അമേരിക്കന്‍ മാതൃകയിലുള്ള ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് (പാരമ്പര്യ സ്വത്തിന്മേലുള്ള നികുതി)മായി ബന്ധപ്പെട്ട് ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശവും കൂടുതല്‍ വിവാദമായി മാറി. കോണ്‍ഗ്രസ് പാര്‍ട്ടിയെ കുടുംബസ്വത്തായി കണക്കാക്കി മക്കള്‍ക്ക് കൈമാറുന്ന കുടുംബം ഇപ്പോള്‍ പാവപ്പെട്ട ഇന്ത്യക്കാര്‍ തങ്ങളുടെ സ്വത്ത് മക്കള്‍ക്ക് കൈമാറുന്നതിനെ എതിര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ജനങ്ങളുടെയും അവരുടെ കുട്ടികളുടെയും സമ്പത്തും അവകാശങ്ങളും കൊള്ളയടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന വര്‍ഷങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ട് അപഹരിക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ മോദി കുറ്റപ്പെടുത്തി.
‘കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് മക്കള്‍ക്ക് കൈമാറാന്‍ ജനങ്ങളെ കോണ്‍ഗ്രസ് അനുവദിക്കുന്നില്ല. ഇടത്തരക്കാര്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തണമെന്ന് രാജകുമാരന്റെയും രാജകുടുംബത്തിന്റെയും ഉപദേശകന്‍ കുറച്ചുകാലം മുമ്പ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പറയുന്നു പാരമ്പര്യ സ്വത്ത് നികുതി ഏര്‍പ്പെടുത്തുമെന്ന്. മാതാപിതാക്കളില്‍ നിന്ന് കൈമാറിക്കിട്ടുന്ന പാരമ്പര്യസ്വത്തിന്മേല്‍ നികുതി ഏര്‍പ്പെടുത്തുമെന്ന്. നിങ്ങള്‍ കഠിനാധ്വാനത്തിലൂടെ സ്വരുക്കൂട്ടുന്ന സമ്പാദ്യം നിങ്ങളുടെ മക്കള്‍ക്ക് ലഭിക്കില്ല. കോണ്‍ഗ്രസ് അത് തട്ടിയെടുക്കും. കോണ്‍ഗ്രസിന്റെ അപകടകരമായ ഉദ്ദേശ്യമാണ് പിത്രോദയുടെ പരാമര്‍ശങ്ങളിലൂടെ പുറത്തെത്തിയത്. ജീവിച്ചിരിക്കുമ്പോള്‍ ഉയര്‍ന്ന നികുതി ചുമത്തുകയും അവരുടെ മരണശേഷം അനന്തരാവകാശ നികുതി ചുമത്തുകയും ചെയ്യുകയെന്നതാണ് കോണ്‍ഗ്രസിന്റെ സമീപനം. അതായത് ആളുകളെ ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനു ശേഷവും കൊള്ളയടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. ആഴത്തില്‍ വേരൂന്നിയ പാരമ്പര്യങ്ങളും സംസ്‌കാരവുമുള്ള ഭാരതം ഒരു ഉപഭോക്തൃ രാഷ്‌ട്രമല്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനെ ഭാരതത്തിലെ ജനങ്ങള്‍ വിലമതിക്കുന്നു. സ്വാഭാവികമായും സമ്പാദിക്കാന്‍ താല്പര്യമുള്ളവര്‍ കഠിനാധ്വാനം ചെയ്യുകയും തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ചെലവഴിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് ഭാരതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ആക്രമിക്കുകയാണ്. അര്‍ബന്‍ നക്‌സലുകളാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്’, പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നു.
രാജ്യത്തെ വോട്ടര്‍മാര്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ ‘സ്വത്തുതട്ടിയെടുക്കല്‍ പദ്ധതി’ ശക്തമായി അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് സാധിച്ചിട്ടുണ്ട്. പരമ്പരാഗത സ്വത്ത് നികുതി പുനഃസ്ഥാപിക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടും സ്വത്ത് പുനഃര്‍വിതരണമെന്ന പ്രകടന പത്രികയിലെ വാഗ്ദാനവും വോട്ടര്‍മാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഒരാള്‍ ജീവിതകാലം മുഴുവന്‍ അത്യധ്വാനം ചെയ്തു സമ്പാദിക്കുന്ന സ്വത്തുവകകള്‍ മക്കള്‍ക്ക് അനുഭവിക്കണമെങ്കില്‍ വന്‍തുക നികുതി നല്‍കണമെന്ന സ്ഥിതി വന്നാല്‍ സാമ്പത്തികമായി ഉയരണമെന്ന പൗരന്റെ ആഗ്രഹം തന്നെയാണ് ഇല്ലാതാവുന്നത്. സ്വത്തുക്കള്‍ ഒളിപ്പിച്ചു വെയ്‌ക്കാനുള്ള പ്രവണതയും ഇതോടെ ഉയരും. എന്തായാലും ആദ്യഘട്ടത്തില്‍ 58 ശതമാനത്തില്‍ താഴെ മാത്രമായിരുന്ന രാജസ്ഥാനിലെ പോളിംഗ് രണ്ടാംഘട്ടത്തില്‍ 65 ശതമാനത്തിലേക്ക് ഉയര്‍ന്നു. രാജ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി കോണ്‍ഗ്രസിന്റെ പരമ്പരാഗത സ്വത്ത് നികുതി പ്രഖ്യാപനം മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: