Categories: Samskriti

മായാവാദം അഥവാ ജഗന്മിഥ്യാത്വ സിദ്ധാന്തം

ലോക പ്രശസ്തരായ ഈ തത്ത്വാന്വേഷികള്‍ യുക്തിചിന്തയുടെ ബലംകൊണ്ടും അനുമാനസാമര്‍ത്ഥ്യം കൊണ്ടും എത്തിച്ചേര്‍ന്നിടത്ത് ശ്രീശങ്കരന്‍ ഒരായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രുതിവാക്യങ്ങളുടെ വ്യാഖ്യാനത്തിലൂടെയും സ്വാനുഭൂതിയിലൂടെയും എത്തിച്ചേര്‍ന്നു.

Published by

ലോകത്തില്‍ ജനിച്ചിട്ടുള്ള തത്ത്വജ്ഞാനികളില്‍ ലോകനന്മയ്‌ക്കായി തന്റെ ദാര്‍ശനികതയെ ഏറ്റവും അധികം ഉപയോഗപ്പെടുത്തിയ മഹാത്മാവായിരുന്നു ശ്രീശങ്കര ഭഗവത്പാദര്‍. നാം സ്ഥിരസത്യങ്ങളായി കരുതിവരുന്ന സ്ഥലം, കാലം, കാരണകാര്യത്വം എന്നീ മൂന്ന് അനുഭവ സത്യങ്ങള്‍ക്കും ശാശ്വതത്വമില്ലെന്നും അവകള്‍ക്കു കേവലം പ്രാതിഭാസികസത്ത മാത്രമേ ഉള്ളെന്നും ആധുനികകാലത്തെ ഏറ്റവും വലിയ തത്ത്വചിന്തകരായ കാന്റിന്റേയും അദ്ദേഹത്തിന്റെ ശിഷ്യനായ ഷോപ്പന്‍ ഹോവറുടേയും സിദ്ധാന്തങ്ങള്‍ ശങ്കരാചാര്യരുടെ ജഗന്മിഥ്യാത്വ ദര്‍ശനത്തെ അടിവരയിട്ട് ഉറപ്പിക്കുന്നവയാണ്.

ലോക പ്രശസ്തരായ ഈ തത്ത്വാന്വേഷികള്‍ യുക്തിചിന്തയുടെ ബലംകൊണ്ടും അനുമാനസാമര്‍ത്ഥ്യം കൊണ്ടും എത്തിച്ചേര്‍ന്നിടത്ത് ശ്രീശങ്കരന്‍ ഒരായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രുതിവാക്യങ്ങളുടെ വ്യാഖ്യാനത്തിലൂടെയും സ്വാനുഭൂതിയിലൂടെയും എത്തിച്ചേര്‍ന്നു.

അദൈ്വതത്തിന്റെ രൂപം കൂടുതല്‍ വ്യക്തതയോടെ കാട്ടിത്തരുന്നതായിരുന്നു മായാവാദമെന്നോ ജഗന്മിഥ്യാത്വ സിദ്ധാന്തമെന്നോ വിളിക്കപ്പെടുന്ന ദാര്‍ശനിക വീക്ഷണം മുന്നോട്ടു വച്ചത്. അല്ലാതെ ജഗന്മിഥ്യാത്വം സാധിക്കുന്നതിനല്ല. അതായത് അദൈ്വതം ലോകത്തിന്റെ മുഴുവന്‍ ഏകത്വം പ്രതിപാദിക്കുക എന്ന ലക്ഷ്യം ശ്രീശങ്കരന്‍ എന്ന ദാര്‍ശനികനില്‍ സ്പഷ്ടമായി കാണാവുന്നതാണ്. താന്‍ മാത്രം ശരി എന്നഹങ്കരിച്ചും പരസ്പരം കലഹിച്ചും നില്ക്കുന്ന ലോകജനതയ്‌ക്കുള്ള ഒരേ ഒരു രക്ഷാമാര്‍ഗമായ സര്‍വധര്‍മ്മ സമന്വയത്തിനുള്ള അടിസ്ഥാനം ഈ അദൈ്വത ചിന്ത പ്രചരിപ്പിക്കുക മാത്രമാണുതാനും.

ഈ കാഴ്ചപ്പാടില്‍ ജഗദ്ഗുരുവെന്ന ശങ്കരാചാര്യരുടെ ഉപാധി ഇന്നും അക്ഷുണ്ണമായിത്തന്നെ തുടരുന്നു. കൂടെത്തന്നെ തന്റെ ദാര്‍ശനികചിന്തകൊണ്ടും പ്രൗഢങ്ങളായ രചനകളിലൂടെയും ഹിന്ദുധര്‍മ്മത്തിന് ബലിഷ്ഠമായ അടിത്തറ ഉറപ്പിക്കുക എന്ന മഹത്തായ കാര്യം സാധിച്ചതും അദ്ദേഹം തന്നെയാണ്. എങ്കിലും അദ്ദേഹം സ്ഥാപിച്ച അദൈ്വതം, ഭക്തി സാധനയ്‌ക്ക് അനുയോജ്യമല്ല, എന്നൊരു ധാരണ പൊതുവേ വിദ്വാന്മാര്‍ക്കിടയില്‍ നിലനിന്നു വരുന്നുണ്ട്.

കാരണം ഭക്തിക്ക് ഭക്തനും ഭഗവാനുമെന്ന ദൈ്വതചിന്ത ഒഴിച്ചുകൂടാനാവാത്തതാണല്ലോ. എന്നാല്‍ ആത്യന്തിക സത്യത്തെപ്പറ്റിയുള്ള ദാര്‍ശനിക ചിന്തയ്‌ക്കൊന്നും സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ യാതൊരു പ്രസക്തിയുമില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അവിടെ സമസ്ത ജീവികള്‍ക്കും താങ്ങും തണലുമായി നില്ക്കുന്ന സര്‍വ്വേശ്വരന്റെ കൃപയ്‌ക്കും അതിനുവേണ്ടി സമര്‍പ്പിതവും ഭക്തിനിഷ്ഠവുമായ ജീവിതചര്യകള്‍ക്കും ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാധാന്യം.

ഒരുസമയത്ത് അദ്ദേഹത്തിന് സഹജാനുഭൂതിയിലൂടെ സ്വന്തം മാതാവിന്റെ ചരമഗതിക്കുള്ള ദിവസങ്ങള്‍ അരികിലെത്തിയെന്ന കാര്യം ഓര്‍മ്മവന്നു. മരണകാലത്ത് അമ്മയ്‌ക്കു സമീപം എത്തി ക്കൊള്ളാമെന്ന വാഗ്ദാനവും മനസ്സില്‍ ഉദിച്ചു. അതോടെ ആ മഹാനുഭാവന്‍ വളരെ വേഗം കാലടിയിലെ കയ്പള്ളി ഇല്ലത്ത് എത്തിച്ചേര്‍ന്നു. മാതാവിനെ നേരില്‍ കണ്ടു വണങ്ങി.

കരുണാകലിത ഹൃദയനായി ഹൃദയദ്രവീകരണസമര്‍ത്ഥങ്ങളായ അഞ്ച് ശ്ലോകങ്ങള്‍ ചൊല്ലി സ്തുതിച്ചുകൊണ്ട് ആ മഹാപുരുഷന്‍ മാതൃപാദങ്ങളില്‍ വീണു നമസ്‌കരിച്ചു. നിരാഭരണ രമണീയങ്ങളായ ഈ ശ്ലോകങ്ങളാണ് ‘മാതൃപഞ്ചകം’ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത്. സംസ്‌കൃതത്തിലെന്നല്ല, ഒരു ഭാഷയിലും ഇതേപോലെ ഒരു മാതൃസ്തുതി ഇന്നുവരെ ആരും രചിച്ചിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: mythology