തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ കൊട്ടിലോഷിച്ച് ഉദ്ഘാടനം ചെയ്ത ചാല പൈതൃക നഗരം പദ്ധതി ഉപേക്ഷിച്ചു. ടൂറിസം വകുപ്പിന് കീഴില്‍ ആരംഭിച്ച പദ്ധതി നടപ്പിലാകാതെ വരുന്നതോടെയാണ് പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചത്. ഇത് വിവാദമായതോടെ സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറിയ നവീകരണത്തിനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
കിഴക്കേകോട്ട മുതല്‍ കിള്ളിപ്പാലം വരെ പൈതൃകത്തെരുവ് മാതൃകയില്‍ നിര്‍മ്മാണം, ചാലയുടെയും തിരുവിതാംകൂറിന്റെ ചരിത്രം ആലേഖനം ചെയ്യുന്ന ചിത്രമതിലുകള്‍, മേല്ക്കൂരയോടുകൂടിയ ചരിത്ര വീഥി, നടപ്പാത, വിശ്രമ ബെഞ്ചുകള്‍ പൂച്ചെടികള്‍, ഗാന്ധിപാര്‍ക്കിന് എതിര്‍വശത്തു നിന്ന് ചാലയിലേക്ക് കടക്കുന്ന ഭാഗത്ത് കിഴക്കേകോട്ടയുടെ മാതൃകയില്‍ പ്രവേശനകവാടം, കിള്ളിപ്പാലത്ത് നിന്ന് ചാലയിലേക്കുള്ള വഴിയിലും പഴയ രീതിയിലുള്ള പ്രവേശനകവാടം, പൈതൃകത്തെരുവിന്റെ മുദ്രയോടുകൂടിയ ഒരേ പോലുള്ള പരസ്യബോര്‍ഡുകളും പൈതൃകം സൂചിപ്പിക്കുന്ന നിറങ്ങളും, ആര്യശാല ജംഗ്ഷനില്‍ പഴയ തിരുവിതാംകൂര്‍ ദിവാന് രാജാ കേശവദാസിന്റെ പ്രതിമ, ആര്യശാലയില്‍ പരമ്പരാഗത ഭംഗി നിലനിറുത്തിയുള്ള സൗന്ദര്യവത്കരണം തുടങ്ങി വലിയ വാഗ്ദാനങ്ങളാണ് പദ്ധതി പ്രഖ്യാപനത്തില്‍ നടത്തിയത്. ഇതിന്റെ ഉദ്ഘാടനവും ആഘോഷ പൂര്‍വ്വം കൊണ്ടാടി ഉദ്ഘാടനം കഴിഞ്ഞ് നാളുകളേറെ ആയിട്ടും പദ്ധതിമാത്രം മുന്നോട്ടു നീങ്ങിയില്ല. ഇതോടെ പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചു.
പദ്ധതി ഉപേക്ഷിച്ചതില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നതോടെ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത് എത്തി. സ്മാര്‍ട് സിറ്റിക്ക് വേണ്ടി നടത്തുന്ന നിര്‍മ്മാണങ്ങള്‍ ചാലയുടെ നവീകരണത്തിനായി നടത്തുന്നു എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. പഴയ പദ്ധതിയിലെ പ്രധാന ആകര്‍ഷണ നിര്‍മാണങ്ങള്‍ ഒന്നും ഇല്ല.
ഭാരമുള്ള വാഹനങ്ങള്‍ ധാരാളം കടന്നുപോകുന്നതിനാല്‍ കൂടുതല്‍കാലം നിലനില്‍ക്കുന്ന സ്മാര്‍ട് റോഡ് നിര്‍മ്മിക്കുമെന്നാണ് പ്രധാന പദ്ധതി. എന്നാല്‍ ഇത് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമാണ്. ചാലയിലെ 12 റോഡുകള്‍ ഇതിനോടകം സ്മാര്‍ട്ട് സിറ്റിയില്‍ പണി തുടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ചാലയുടെ പ്രധാന കവാടങ്ങള്‍ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിക്കും. വിവിധ സ്ഥലങ്ങളും കമ്പോളത്തിന്റെ വഴിയും സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും.
ചാലയുടെ ചരിത്രം രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. പുതിയ നടപ്പാതകള്‍ സ്ഥാപിക്കും തുടങ്ങിയവയാണ് പ്രധാന പദ്ധതി. ചാല കമ്പോളത്തിനു സമീപം ട്രിഡയുടെ 210 സെന്റില്‍ സ്മാര്‍ട്ട് സിറ്റിയുടെ ചുമതലയിലുള്ള വെയര്‍ഹൗസ് കോംപ്ലക്സ് നിര്‍മ്മിക്കുന്നതാണ് മറ്റൊരു പദ്ധതി ഇത്രമാത്രമാണ് നടപ്പിലാക്കുന്നത്.
പൈതൃക നഗരത്തിന് ഫണ്ട് അനുവദിച്ചതിന് അഭിവാദ്യ ബോര്‍ഡുകള്‍ നിറയെ ചാലയില്‍ നിറഞ്ഞിരുന്നു. വലിയ അവകാശ വാദമാണ് ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാരും സി പി എമ്മും നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: