തിരുവനന്തപുരം: ആയിരം വര്‍ഷത്തോളം പഴക്കമുള്ള ആര്യശാല ചെന്തിട്ട ദേവീ ക്ഷേത്രത്തിന്റെ നാലമ്പലം തീപിടിച്ച് നശിച്ചതിൽ പ്രതിഷേധവുമായി ഭക്തർ. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് നാലമ്പലത്തിനുള്ളില്‍ നിന്ന് പുകയുയരുന്നത് സമീപ വാസികള്‍ കണ്ടത്. ഉടന്‍ തന്നെ അധികൃതരെ അറിയിച്ചു. അവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെങ്കല്‍ചൂള യൂണിറ്റില്‍ നിന്നും ഫയര്‍ ആന്റ് റെസ്ക്യൂ ടീമെത്തി തീകെടുത്തിയതിനാല്‍ ശ്രീകോവിലിലേക്കും മറ്റു അമ്പല ഭാഗങ്ങളിലേക്കും തീ വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞു.
നാലമ്പലത്തിന്റെ വലതുഭാഗം പൂര്‍ണമായും തീപിടിച്ചു. മറ്റു ഭാഗങ്ങളിലേക്കും തീ ആളി പടര്‍ന്നു. തടികള്‍ ഓട്, വിളക്കുകള്‍, പൂജ സാമഗ്രികള്‍ തുടങ്ങിയയവയില്‍ തീ വേഗത്തില്‍ പടരുകയായിരുന്നു. നാലമ്പലത്തിന്റെ ഒരു ഭാഗവും കളമെഴുത്തു ഭാഗവും പൂര്‍ണമായി കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം നിലയത്തില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ നിതിന്‍രാജ്, അനീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ അജിത്കുമാര്‍, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ അരുണ്‍, അനീഷ്, വിഷ്ണുനാരായണന്‍, സവിന്‍, പ്രതോഷ്, അനു, നസീം, പ്രസാദ്, പ്രവീണ്‍, സാബു, സജി, ശിവഗണേഷ്, അനു, നന്ദന് എന്നിവരടങ്ങുന്ന നാല് യൂണിറ്റുകള്‍ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ആയിരം വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രമാണിത്. കെട്ടിടത്തിലും വൈദ്യുത ഉപകരണങ്ങളിലും കൃത്യമായി അറ്റകുറ്റപണികള്‍ നടത്താറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നു. നവരാത്രി ആഘോഷ നാളുകളില്‍ പദ്മനാഭപുരത്ത് നിന്നെത്തുന്ന സരസ്വതി ദേവിയെ കുടിയിരുത്തുന്നത് ചെന്തിട്ട ദേവീ ക്ഷേത്രത്തിലാണ്. ദേവസ്വം ബോര്‍ഡിന് വരുമാനം മാത്രമാണ് ലക്ഷ്യമെന്നും കാലകാലങ്ങളില്‍ നടത്തേണ്ട അറ്റകുറ്റപണികള്‍ നടത്താതെ ക്ഷേത്രങ്ങളെ നാശത്തലേക്ക് തള്ളി വിടുകയാണെന്നും ഭക്തജനങ്ങള്‍ ആരോപിച്ചു.
സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചു. വിജിലന്‍സ് എസ്പിക്കാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: